കോഴിക്കോട്: പതിനാലുകാരനെ ബാധിച്ച നിപ വൈറസിൻ്റെ ഉറവിടം വ്യക്തമല്ല. നേരത്തെ കുട്ടി വയനാട്ടിലേക്ക് വിനോദയാത്ര പോയിരുന്നു. അന്ന് അമ്പഴങ്ങ കഴിച്ചിരുന്നതായി വീട്ടുകാര്‍ സൂചിപ്പിച്ചു. കുട്ടിയുമായി പോയ സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. ഒരു സുഹൃത്തിന് രോഗലക്ഷണമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 14കാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൂനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് കുട്ടിയെ പ്രത്യേകം തയ്യാറാക്കിയ ഐസിയുവിലേക്ക് മാറ്റി. ഇതോടൊപ്പം നിരീക്ഷണത്തിലുള്ള കുട്ടിയുടെ മാതാപിതാക്കളെയും അമ്മാവനെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവർ പ്രത്യേക നിരീക്ഷണ വാർഡിലാണ്.
അഞ്ച് ദിവസം മുമ്പ് കുട്ടിക്ക് പനി ഉണ്ടായിരുന്നു. പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധൻ്റെ അടുത്താണ് ആദ്യം ചികിത്സ തേടിയത്. പനി കുറയാത്തതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തി. അവിടെ നിന്ന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്ന് 19ന് രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈ സമയം കുട്ടിയുമായി ബന്ധപ്പെട്ടവരുടെ കോൺടാക്റ്റ് ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ മുപ്പതോളം നിരീക്ഷണ മുറികളും പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.
2018ൽ കേരളത്തിൽ ആദ്യ നിപ ബാധ സ്ഥിരീകരിച്ചിരുന്നു.അന്ന് 17 പേരാണ് മരിച്ചത്. പിന്നീട് 2021 ല്‍ ഒരു പന്ത്രണ്ടുവയസ്സുകാരനും 2023 ഓഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ട് പേര്‍ക്കും ജീവന് നഷ്ടമായി. 2024-ലും കേരളത്തില്‍ നിപ സ്ഥിരീകരിച്ചിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്ബ്രശ്ശേരി സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.