കോഴിക്കോട്: പൈപ്പ് ലൈൻ വഴി വീടുകളിൽ പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയിൽ കോർപ്പറേഷൻ പരിധിയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിൻ്റെ 75 ശതമാനം ജോലികളും പൂർത്തിയായി.
നഗരത്തിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന 79.45 കിലോമീറ്റർ സ്റ്റീൽ പൈപ്പ് ലൈനിൻ്റെ 59.5 കിലോ മീറ്റർ സ്ഥാപിച്ചു.
പൈപ്പ് ലൈൻ വഴി ഒന്നര വർഷത്തിനകം നഗരപരിധിയിലെ വീടുകളിൽ പാചക വാതകം വിതരണം ചെയ്യാൻ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് കമ്പനി. കോർപ്പറേഷൻ പരിധിയിൽ ഗ്യാസ് എത്തിക്കുന്നതിനായി സ്ഥാപിച്ച പൈപ്പ് ലൈൻ നിലവിൽ കുന്നമംഗലം വരട്ടിയക്കൽ വരെ ഗ്യാസ് എത്തിക്കാൻ ആണ് സജ്ജീകരിച്ചിരിക്കുന്നത്.
വരട്ടിയാക്കലിൽ നിന്ന് സി.ഡബ്ല്യു.ആർ.ഡി.എമ്മിലേക്ക് പൈപ്പ് എത്തിക്കുന്നതിന് സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മണ്‍സൂണ്‍ നിയന്ത്രണം മൂലം
സി.ഡബ്ല്യു.ആർ.ഡി.എം മുതൽ മെഡിക്കൽ കോളേജ് ഭാഗത്തേക്കുള്ള പൈപ്പ് ജോലികൾ താത്കാലികമായി തടസപ്പെട്ടു.
സർക്കാരിൻ്റെ മുൻഗണനാ പദ്ധതിയായതിനാൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി പ്രവർത്തനം പുനരാരംഭിക്കാനുള്ള അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് അധികൃതർ.
നിലവിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിന് കോഴിക്കോട് ജില്ലയിൽ 19 സിഎൻജി പമ്പുകളും വയനാട്ടിൽ മൂന്ന് പമ്പുകളുമുണ്ട്. ഓഗസ്റ്റ് മാസത്തോടെ വടകര, മേപ്പയൂർ, ചേളന്നൂർ, പയ്യോളി, കൂളിമാട്, ചെറുവണ്ണൂർ എന്നിവിടങ്ങളിലും വയനാട്ടിലെ മീനങ്ങാടി എന്നിവിടങ്ങളിൽ സിഎൻജി പമ്പുകൾ ആരംഭിക്കും.
കൂരാച്ചുണ്ട്, അത്തോളി, കൊയിലാണ്ടി, തിരുവമ്പാടി എന്നിവിടങ്ങളിലും വയനാട്ടില്‍ വൈത്തിരി എന്നിവിടങ്ങളിലാണ് പുതിയ പമ്പുകളുടെ പണി പുരോഗമിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.