ബിഹാറിലെ സമസ്തിപൂരിൽ മകന്റെ മൃതദേഹം വിട്ടുനൽകാൻ സർക്കാർ ആശുപത്രി ജീവനക്കാരൻ അമ്പതിനായിരം രൂപ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി മാതാപിതാക്കൾ. പണം കൊടുക്കാൻ ഇല്ലാത്ത മാതാപിതാക്കൾ തെരുവിൽ ഭിക്ഷയ്ക്കിറങ്ങിയതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്. നഗരത്തിൽ തലങ്ങും വിലങ്ങും നടന്ന് ഭിക്ഷ തേടുന്ന ഇരുവരുടെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മകനെ കാണാതായിരുന്നു. തുടർന്ന് ആശുപത്രിയിൽനിന്നും വിളിച്ച് മകന്റെ മൃതദേഹം അവിടെയുണ്ടെന്നും വിട്ടുനൽകണമെങ്കിൽ അമ്പതിനായിരം രൂപയുമായി എത്തണമെന്നും ആവശ്യപ്പെട്ടെന്ന് യുവാവിന്റെ പിതാവ് മഹേഷ് താക്കൂർ പറയുന്നു. സാമ്പത്തിക ശേഷിയില്ലാത്ത ഞങ്ങൾ ഇത്രയും പണം എവിടെ നിന്ന് ഉണ്ടാക്കാനാണെന്നും അദ്ദേഹം ചോദിക്കുന്നു. ഈ സംഭവത്തിൽ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും മനുഷ്യസമൂഹത്തിന് അപമാനമാണിതെന്നും ആശുപത്രിയിലെ സിവിൽ സർജൻ ഡോക്ടർ ഡി.കെ.ചൗധരി പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.