മാവൂർ: മഴ കനക്കുകയും ചാലിയാറും ഇരുവഴിഞ്ഞിയും ചെറുപുഴയും കരകവിയുകയും ചെയ്തതോടെ മാവൂരിലെയും പരിസരപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പുഴകള്‍ കര കവിഞ്ഞതോടെ തീരങ്ങളില്‍ താമസിക്കുന്നവർ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തീരങ്ങളില്‍ താമസിക്കുന്നവർക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം പുഴകളില്‍ ജലനിരപ്പ് ഉയർന്നുതുടങ്ങിയത്. ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂർ-സങ്കേതം റോഡ് വെള്ളത്തിനടിയിലായിരുന്നു. വ്യാഴാഴ്ച രാവിലെയോടെ മാവൂർ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ് കച്ചേരിക്കുന്നില്‍ വീടുകളില്‍ വെള്ളം കയറി. കച്ചേരിക്കുന്ന് അബ്ദുല്‍ ലത്തീഫ്, പുലിയപ്രം സത്യൻ എന്നിവരുടെ വീട്ടിലാണ് വെള്ളം കയറിയത്. സമീപ വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വീട്ടില്‍ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് മാറി താമസിച്ചിട്ടുണ്ട്.
മാവൂർ പൈപ്പ് ലൈൻ റോഡ്, പൈപ്പ് ലൈൻ കച്ചേരിക്കുന്ന് റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. ഉച്ചയോടെ ജലനിരപ്പ് ചെറിയതോതില്‍ താഴ്ന്നു തുടങ്ങിയിട്ടുണ്ടെങ്കിലും മഴ ശക്തമായി തുടർന്നാല്‍ വീണ്ടും ജലനിരപ്പ് ഉയരുമെന്ന ആശങ്കയുണ്ട്. ചാലിയാറില്‍ ജലനിരപ്പ് ഉയരുകയും പുഴയില്‍ കുത്തൊഴുക്ക് ശക്തമാകുകയും ചെയ്തതോടെ ഊർക്കടവ് റെഗുലേറ്ററിന്റെ മുഴുവൻ ഷട്ടറുകളും തുറന്നിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.