കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിലും വയനാട് മേപ്പാടി മേഖലയിലും കനത്ത മഴയാണ്. കോഴിക്കോട്ടെ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടമുണ്ടായി. നദികളിലെ ജലനിരപ്പ് ഉയരുകയാണ്. ചെമ്പുകടവ് പാലത്തിൽ വെള്ളം കയറിയിട്ടുണ്ട്. അടിവാരം കൈതപ്പൊയില്‍ പ്രദേശത്തെ ആളുകൾ വീടുകളിൽ കുടുങ്ങി. ചെമ്പുകടവ് മേഖലയിലെ ആദിവാസി കുടുംബങ്ങൾ അപകടഭീക്ഷണിയിലാണ്.
മേപ്പാടിയില്‍ മൂന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വെള്ളാർമല വി.എച്ച്.എസ്.സി. സ്കൂള്‍, മുണ്ടക്കൈ യു.പി. സ്കൂള്‍, പുത്തുമല സ്കൂള്‍ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
കോടഞ്ചേരി, ചെമ്പുകടവ്, താമരശ്ശേരി, കൊടിയത്തൂർ എന്നിവിടങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി. വയനാട് ജില്ലയിലെ മാനന്തവാടിയിൽ മണ്ണിടിച്ചിലുണ്ടായി. പലയിടത്തും നദികൾ കരകവിഞ്ഞൊഴുകുകയാണ്.
വയനാട് മുണ്ടക്കൈ മേഖലയിൽ കനത്ത മഴയാണ്. ബാണാസുര സാഗർ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ വർധനയുണ്ടായിട്ടുണ്ട്. ജലനിരപ്പ് 15 സെൻ്റിമീറ്ററോളം ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. പുഴയിൽ ജലനിരപ്പ് താഴ്ന്ന് നില്ക്കുന്നതിനാല് ഡാം ഷട്ടർ തുറന്നാലും വെള്ളം കയറാൻ സാധ്യതയില്ല.
ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി. കനത്ത മഴയെ തുടർന്ന് മാട്ടുപ്പെട്ടി, കല്ലാർകുട്ടി, പാബ്ല ഡാമുകളുടെ ഷട്ടറുകൾ തുറന്നു. ഒഴുക്കിവിടുന്ന വെള്ളത്തിൻ്റെ അളവ് കുറച്ചെങ്കിലും ഷട്ടറുകൾ തുറന്നിരിക്കുകയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ വെള്ളം തുറന്നുവിടാൻ സാധ്യതയുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2360 അടിയിലെത്തി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയാണ്.
തിരുവനന്തപുരത്തും വിവിധ പ്രദേശങ്ങളിൽ കനത്ത മഴയും കാറ്റും അനുഭവപ്പെട്ടു. രാവിലെ മുതൽ ഇടവിട്ട് കനത്ത മഴയാണ് അനുഭവപ്പെട്ടത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.