കോഴിക്കോട്: കാലവർഷം ശക്തി പ്രാപിച്ചതോടെ കോഴിക്കോട് ജില്ലയില്‍ കനത്ത മഴ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തോരാമഴയാണ്.
മലയോരത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും ഭീതി ഉയർത്തുകയാണ്. ഇന്നലെ രാവിലെയോടെ തുടങ്ങിയ മഴ രാത്രിയിലും തുടർന്നു. ശക്തമായ മഴയില്‍ മിക്കയിടങ്ങളിലും വീടുകളും മതിലും തകർന്നു. പലയിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. താഴ്ന്നപ്രദേശങ്ങള്‍ പലതും വെള്ളത്തിലായി. തോടുകളും പൂനൂർ പുഴ, മുത്തപ്പൻ പുഴ, ചാലിയാർ എന്നിവ കര കവിഞ്ഞൊഴുകി. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം കാര്യക്ഷമമല്ലാത്തതിനാല്‍ ഓടകള്‍ നിറഞ്ഞ് നിരത്തുകളില്‍ പലയിടങ്ങളിലും വെള്ളക്കെട്ടായി. ജില്ലയില്‍ കടല്‍ക്ഷോഭ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
മരങ്ങള്‍ കടപുഴകി നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചു.നന്മണ്ട – എഴുകുളം – ഇയ്യാട് റോഡില്‍ പടിഞ്ഞാറയില്‍ പീടികയ്ക്ക് സമീപം താനിക്കാം പറമ്ബില്‍ സുമേഷിന്റെ വീട്ടിലെ കിണർ ഇടിഞ്ഞ് താഴ്ന്നു. നാദാപുരത്ത് വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര തകർന്നു. കാവിലുംപാറ ചുരം റോഡിലെ ചുങ്കക്കുറ്റി, നാലാം വളവ് ഭാഗങ്ങളില്‍ മണ്ണിടിഞ്ഞു വീണു. തുടർന്ന് കെ.ആർ.എഫ് ബി.അധികൃതരുടെ നേതൃത്വത്തില്‍ വീണ് കിടക്കുന്ന മണ്ണ് നീക്കി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.