ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവർ ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് നല്‍കേണ്ടിവരുന്നു എന്ന ആരോപണം കേന്ദ്ര ഏവിയേഷൻ മന്ത്രാലയം സ്ഥിരീകരിച്ചു.
വിമാനത്താവളത്തിന്റെ ഭൂമിശാസ്ത്രപരമായ പരിമിതിയും കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവരുടെ എണ്ണത്തിലെ കുറവുമാണ് വിമാന ടിക്കറ്റ് നിരക്കിലെ വർധനവിന് കാരണമെന്ന് കേന്ദ്ര ഏവിയേഷൻ മന്ത്രാലയത്തിന്റെ സിവിൽ ഏവിയേഷൻ വകുപ്പ് സെക്രട്ടറി പറഞ്ഞു.
കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങൾ വഴി ഹജ്ജിന് പോകുന്നവരേക്കാൾ കൂടുതൽ പണം കോഴിക്കോട് വഴി ഹജ്ജിന് പോകുന്നവർ നൽകേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാംഗം ഹാരിസ് ബീരാൻ എഴുതിയ കത്തിന് മറുപടിയായാണ് സിവിൽ ഏവിയേഷൻ സെക്രട്ടറി ഈ വിശദീകരണം നൽകിയത്. കോഴിക്കോട് വിമാനത്താവളം വഴി പോകുന്നവർ 40,000 രൂപ അധികമായി നൽകേണ്ടിവരുമെന്ന് ഹാരിസ് ബീരാൻ കത്തിൽ ചൂണ്ടിക്കാട്ടി.
വിമാന നിരക്ക് വിമാന ലഭ്യത, റൂട്ട്, വിമാനത്താവളത്തിന്റെ സ്ഥാനം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി വ്യക്തമാക്കി. കരിപ്പൂരിൽ ടേബിൾ-ടോപ്പ് റൺവേ ആണ്. റൺവേയുടെ പരിമിതികൾ കാരണം വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ കഴിയില്ല. അതിനാൽ, ചെറിയ വിമാനങ്ങളിൽ കുറച്ച് ആളുകൾക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. ഇതാണ് വിമാന നിരക്ക് വര്‍ദ്ധനവിന് കാരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവരുടെ എണ്ണം കുറയുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. 2024-ല്‍ 9770 പേര്‍ കരിപ്പൂര്‍ വിമാനത്താവളം വഴി ഹജ്ജിന് പോയി. എന്നാല്‍ ഇത്തവണ 5591 പേര്‍ മാത്രമാണ് കരിപ്പൂര്‍ വഴി പോകുന്നതെന്നും കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നിരക്കുകളില്‍ മാറ്റമില്ലെന്ന് ഹാരിസ് ബീരാന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.