ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് തനിക്ക് താൽപര്യമില്ലാത്ത യുവാവിനെ പ്രണയിച്ച മകളെ കൊലപ്പെടുത്തിയശേഷം പിതാവ് വരപ്രസാദ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വാചകങ്ങൾ എന്റെ മകൾ എന്നോട് എന്തൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടോ, അതെല്ലാം ഞാൻ നൽകിയിട്ടുണ്ട്. എന്റെ മകൾക്ക് നല്ല വിദ്യാഭ്യാസം വേണം. അവളുടെ ഇഷ്ടത്തിനാണ് ഞാൻ അവളെ ബോക്സിങ് പഠിപ്പിച്ചത്. അരവിന്ദുമായുള്ള ബന്ധം എനിക്ക് ഇഷ്ടമല്ലെന്നും തുടരരുതെന്നും പലതവണ അപേക്ഷിച്ചിട്ടും അവൾ കൂട്ടാക്കിയില്ല. അതിനാൽ എന്റെ അമ്മ മരിച്ച അതേ ദിവസം തന്നെ ഞാൻ അവളെ കൊന്നു’’– മകളുടെ മരണം ഉറപ്പാക്കിയശേഷം പൊലീസ് സ്റ്റേഷനിൽ എത്തി വരപ്രസാദ് കീഴടങ്ങുകയായിരുന്നു. സെൽഫി വിഡിയോയും പൊലീസിനെ കാണിച്ചതോടെ വരപ്രസാദുമായി വീട്ടിലെത്തിയ പൊലീസ് രക്തത്തിൽ കുളിച്ച നിലയിൽ മകളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അരവിന്ദ് എന്ന യുവാവിനൊപ്പം പലതവണ മകള്‍ പുറത്തു പോകുന്നത് വരപ്രസാദ് വിലക്കിയിരുന്നു. എന്നാൽ കൗണ്‍സിലിങ്ങും മറ്റും നല്‍കിയെങ്കിലും നികിത ബന്ധം തുടർന്നതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന്,വരപ്രസാദ് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 4.30 നാണ് കൊലപാതകം നടന്നത്. ബെൽറ്റ് കഴുത്തിൽ മുറുക്കിയാണ് നികിതയെ വരപ്രസാദ് കൊലപ്പെടുത്തിയത്. 13 വർഷങ്ങൾക്കു മുൻപ് വരപ്രസാദിന്റെ ഭാര്യ മറ്റൊരാൾക്കൊപ്പം പോയിരുന്നു. രണ്ട് വർഷം മുൻപ് മൂത്തമകളും വരപ്രസാദിന്റെ എതിർപ്പ് മറികടന്ന് പ്രണയിച്ചയാൾക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിനു പിന്നാലെ ഇളയ മകളും സമാനമായ രീതിയിൽ തന്നെ ധിക്കരിച്ച് ഇറങ്ങിപ്പോകുമെന്ന ഭയമാണു നികിതയെ കൊലപ്പെടുത്താൻ തന്നെ പ്രേരിപ്പിച്ചതെന്നു വരപ്രസാദ് മൊഴി നൽകി.വരപ്രസാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.