മലബാറുകാരെ സംബന്ധിച്ചിടത്തോളം ഓണക്കാലത്തെ യാത്രകള്‍ക്ക് ഓപ്ഷനുകള്‍ ധാരാളമുണ്ട് മുൻപില്. വയനാട് പോലെയുള്ള ഒട്ടേറെ സാധ്യതകളുള്ള അയല്‍ ജില്ല ഇങ്ങനെ നീണ്ടു കിടക്കുമ്ബോള്‍ ഇക്കാര്യത്തില്‍ ഒരു ആശങ്കയുടെ കാര്യമില്ലല്ലോ?
പിന്നെ ഊട്ടിയും കുടകും പോലെയുള്ള പേരുകേട്ട ഇടങ്ങളില്‍ വേറെയുമുണ്ട് കാത്തിരിക്കുന്നു. പക്ഷേ, ഓണം വീട്ടില്‍ ആഘോഷിച്ചു കൊണ്ട് തന്നെ അധികം ദൂരെയല്ലാത്ത ഒരു യാത്ര ആഗ്രഹിക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടാവും.
കുടുംബവുമായി ചില മനോഹര നിമിഷങ്ങള്‍ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അതിനായി ഒരുപാട് ദൂരം യാത്ര ചെയ്യുക എന്നത് ചിലപ്പോള്‍ സാധ്യമായ കാര്യമായിരിക്കില്ല. അത്തരക്കാർക്ക് അനുയോജ്യമായ ചില ഇടങ്ങളും നമ്മുടെ കോഴിക്കോടുണ്ട്. ബീച്ചും ഭക്ഷണവും മാത്രമല്ല, ജില്ലയുടെ മറ്റൊരു ടൂറിസം സാധ്യതകളുടെ വ്യാപ്തി കൂടി അറിയാൻ കഴിയുന്ന ചില ഇടങ്ങളാണ് ഇവ.
അതില്‍ പ്രധാനപ്പെട്ടത് കക്കയം ഡാമും, കരിയാത്തുംപാറയും തോണിക്കടവും തന്നെയാണ്. ഒപ്പം കോഴിക്കോട്ടുകാരുടെ സ്വന്തം തുഷാരഗിരിയും. കേവലമൊരു ദിവസം കൊണ്ട് കണ്ട് തീർക്കാൻ കഴിയുന്ന ഇടങ്ങളല്ല ഇവയൊന്നും എന്നതാണ് സത്യം. എങ്കിലും ഈ ഓണക്കാലത്ത് കുടുംബത്തോടൊപ്പം ഒരു ചെറു യാത്ര ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഒറ്റ ദിവസം കൊണ്ട് ഇവിടേക്ക് പോയി വരാം.
കരിയാത്തുംപാറ
കോഴിക്കോട് ജില്ലയിലെ നിലവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന ടൂറിസം ലൊക്കേഷനുകളില്‍ ഒന്നാണ് ഇത്. കോഴിക്കോട് നിന്ന് ബാലുശ്ശേരി എത്തിയാല്‍ അവിടെ നിന്ന് കൂരാച്ചുണ്ട് വഴി കരിയാത്തുംപാറയില്‍ ചെല്ലാം. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലാണ് ഈ താഴ്വര സ്ഥിതി ചെയ്യുന്നത്. ഉരുളന്‍ കല്ലുകളാല്‍ സമ്ബന്നമായ ഒരു ചെറിയ പുഴയും ചുറ്റും പൈന്‍ മരങ്ങളും അങ്ങ് ദൂരെയുള്ള പച്ചപുതച്ച മലനിരകളും ഇവിടുത്തോടെ ഭംഗിയേറ്റുന്ന ഘടകങ്ങളാണ്.
കക്കയം ഡാമിലേക്ക് പോവുന്ന വഴിയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇതിനോട് ചേർന്നുള്ള തോണിക്കടവിലും നിങ്ങള്‍ക്ക് സമയം ചെലവഴിക്കാം. കുടുംബത്തോടൊപ്പം മനോഹരമായ ഒരു സായാഹ്നം ചിലവഴിക്കാൻ കോഴിക്കോട് ജില്ലയില്‍ ഇതിലും മികച്ചൊരു സ്പോട്ട് വേറെയില്ലെന്ന് തന്നെ പറയാം. തുഷാരഗിരിയിലേക്കും ഇവിടെ നിന്ന് അധിക ദൂരമില്ല.
കക്കയം ഡാം
കക്കയം ഡാമും അതിനോട് ചേർന്നുള്ള വൃഷ്ടി പ്രദേശങ്ങളും വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രങ്ങളില്‍ ഒന്നാണ്. കുറ്റ്യാടി നദിക്ക് കുറുകെയാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. താഴ്വരയില് നിന്ന് ചെറിയ മടക്കുകള്‍ പോലെയുള്ള മനോഹരമായ കാട്ടുപാതയിലൂടെ വേണം മുകളിലേക്ക് എത്താൻ. അത് തന്നെ വളരെ മികച്ചൊരു അനുഭവമാകും.
ഇവിടെ എത്തിയാല്‍ ഡാം സൈറ്റില്‍ ബോട്ടിംഗ് നടത്താൻ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പെഡല്‍ ബോട്ടുകളും ഇവിടെ ഉണ്ടാവും. കൂടാതെ കാക്കയത്തെ മറ്റൊരു ആകർഷണമാണ് ഉരക്കുഴി വെള്ളച്ചാട്ടം. നൂറ്റാണ്ടുകളായി വെള്ളം ഒഴുകിവന്ന് പാറകള്‍ ഉരലുകള്‍ പോലെ ആയതിനാലാണ് ഈ പേര് വന്നത്.
തുഷാരഗിരി
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നഗരത്തില്‍ നിന്ന് 53 കിലോമീറ്റർ അകലെയാണിത്. ഈരാറ്റുമുക്ക്, മഴവില്‍ വെള്ളച്ചാട്ടം, തുമ്ബിതുള്ളും പാറ എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങളുടെ സംഗമം തുഷാരഗിരി എന്ന പേരില്‍ അറിയപ്പെടുന്നു. വർഷംതോറും നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്താറുള്ളത്. ചെറിയ രീതിയില്‍ ട്രെക്കിംഗ് ഒക്കെ ഉള്ളതിനാല്‍ അതിനോട് താല്പര്യം ഉള്ളവർക്ക് ഏറ്റവും അനുയോജ്യമാണ് ഇവിടം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.