പക്ഷിനിരീക്ഷകർക്ക് കൗതുകമുണർത്തി അപൂർവ ദേശാടകനായ ചെമ്പുവാലൻ പാറക്കിളി (Rufous-tailed Rock-Thrush) കേരളത്തിലേക്ക് വീണ്ടുമെത്തി. സ്പെയിൻ, തുർക്കി, കിർഗിസ്ഥാൻ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളില്‍ പ്രജനനകാലം ചെലവഴിച്ച് ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുന്ന ചെമ്ബുവാലൻ പാറക്കിളി കേരളത്തിലേക്ക് ഇത് രണ്ടാം തവണയാണ് എത്തുന്നത്.
തെക്കൻ യൂറോപ്പുമുതല്‍ മംഗോളിയ വരെ നീണ്ടുകിടക്കുന്നതാണ് ഇവയുടെ പ്രജനനകേന്ദ്രങ്ങള്‍. ഓഗസ്റ്റ്-നവംബർ മാസത്തോടെ തുടങ്ങുന്ന ദേശാടനം സാധാരണ ചെങ്കടല്‍ വഴി ആഫ്രിക്ക വരെ നീളും. ഇക്കാലങ്ങളില്‍ ഇന്ത്യയില്‍ ലഡാക്കിലും ജമ്മു കശ്മീരിലും ഇവയെ കാണാറുണ്ട്. എന്നാല്‍ ഇവയുടെ ദേശാടന പാതയിലൊന്നും കേരളം ഉള്‍പ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഇവ കേരളത്തില്‍ സാധാരണ വന്നെത്താറുമില്ല.
പക്ഷിനിരീക്ഷകരുടെ സമൂഹമാധ്യമമായ ഇ-ബേർഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2015ല്‍ ആലപ്പുഴയില്‍ വച്ചാണ് ചെമ്പുവാലനെ ആദ്യമായി കണ്ടെത്തുന്നത്. ഇതിനുശേഷം കോഴിക്കോട് വാഴയൂരിലാണ് രണ്ടാമതായി കഴിഞ്ഞദിവസം കണ്ടെത്തിയത്. 17 മുതല്‍ 20 സെന്റി മീറ്റർ വരെ നീളമുള്ള ഈ പക്ഷികള്‍ക്ക് ഏകദേശം 37 മുതല്‍ 70 ഗ്രാം വരെ തൂക്കമുണ്ടാകും. ആണ്‍ കിളികളുടെ തല ചാരം പുരണ്ട നീല നിറമുള്ളതാണ്. ശരീരത്തിന്റെ താഴ്ഭാഗവും പുറത്തെ വാല്‍ചിറകുകളും ഓറഞ്ച് നിറമുള്ളവയാണ്.
ചിറകുകള്‍ക്ക് കടും തവിട്ടുനിറവും മുതുകില്‍ വെളുത്ത അടയാളവും ഉണ്ടാകും. പെണ്‍കിളികള്‍ക്കും പ്രായപൂർത്തിയെത്താത്ത ആണ്‍കിളികള്‍ക്കും ഉപരിഭാഗമെല്ലാം നരച്ച തവിട്ട് നിറത്തിലെ ചെതുമ്ബലടയാളങ്ങളോടു കൂടിയതും ശരീരത്തിന്റെ താഴ്ഭാഗം ഇളം തവിട്ടുനിറത്തിലെ ചെതുമ്ബലടയാളങ്ങളോടു കൂടിയതുമാണ്.
പുറം വാല്‍ച്ചിറകുകള്‍ ആണ്‍കിളിയെപ്പോലെ തന്നെ ഓറഞ്ച് നിറത്തിലാണ് കാണുന്നത്. ചെറുപ്രാണികളും പുല്‍ച്ചാടികളും മണ്ണിരകളും പുഴുക്കളും ലാർവകളുമാണ് ഇവയുടെ പ്രധാന ആഹാരം.
കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സീനിയർ നഴ്സിങ് ഓഫിസറും വന്യജീവി ഫോട്ടോഗ്രാഫറുമായ ടി കെ മുഹമ്മദ് ഷമീർ കൊടിയത്തൂർ ആണ് കഴിഞ്ഞ ദിവസം വാഴയൂർ മലയില്‍ നിന്നും ഈ ദേശാടകന്റെ ചിത്രം പകർത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.