കൊച്ചി: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. ഒരു സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ പാചകവാതക സിലിണ്ടറുകൾക്ക് 866 രൂപ 50 പൈസയാണ് പുതിയ വില. അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില 5 രൂപ കുറച്ചിട്ടുണ്ട്. കൊച്ചിയിൽ പുതുക്കിയ വില സിലിണ്ടറിന് 1618 രൂപയാണ്. പുതുക്കിയ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും.
2020 ജൂൺ മുതൽ, കേന്ദ്ര സർക്കാർ എൽപിജി സബ്സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി നിർത്തലാക്കി. തത്ഫലമായി, രാജ്യത്ത് ഇപ്പോൾ സബ്സിഡി ഇല്ല. പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റം തടഞ്ഞ് ജനങ്ങളെ സഹായിക്കാൻ നടപ്പാക്കിയ സബ്സിഡികൾ രാജ്യത്ത് പൂർണമായും ഇല്ലാതായി. യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോളിനും, മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം, പിന്നീട് ഡീസലിനും സബ്സിഡി നിർത്തലാക്കി.
പ്രത്യേക ഉത്തരവുകളില്ലാതെ കഴിഞ്ഞ വർഷം മുതൽ പാചകവാതക സബ്സിഡിയും നിർത്തലാക്കി. 2013-14-ൽ ഒരു ലക്ഷം കോടിയിലധികം രൂപ ബജറ്റിൽ സബ്സിഡികൾക്കായി നീക്കിവച്ചിരുന്നു. എന്നാൽ ഈ സാമ്പത്തിക വർഷത്തെ മൊത്തം 14000 കോടി രൂപ മാത്രമാണ് നീക്കിവെച്ചിരിക്കുന്നത്. പാചകവാതക സബ്സിഡി നിർത്തലാക്കിയതോടെ പെട്രോളിയം സബ്സിഡി ഏതാണ്ട് പൂർണമായും ഇല്ലാതായി. ബിപിഎൽ കുടുംബങ്ങൾക്ക് ചെറിയൊരു ശതമാനം മണ്ണെണ്ണ മാത്രമാണ് ഇപ്പോൾ സബ്സിഡി നിരക്കിൽ നൽകുന്നത്. സമീപഭാവിയിൽ അതും അപ്രത്യക്ഷമാകുമെന്നാണ് സൂചന.
ഇന്ധന സബ്സിഡി ഖജനാവിന് വലിയ ബാധ്യതയാണെന്നായിരുന്നു സർക്കാരിന്റെ നിലപാട്. യുപിഎ സർക്കാർ അത് ഇല്ലാതാക്കാൻ തുടങ്ങിയത് മോദി സർക്കാർ പൂർത്തിയാക്കി. നിലവിൽ ഭക്ഷ്യ സബ്സിഡിക്കായി 2.5 ലക്ഷം കോടി രൂപയും, രാസവളം സബ്സിഡിക്കായി 80,000 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. അതും സർക്കാരിന് ബാധ്യതയാകുമോ എന്ന് കണ്ടറിയണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.