ഐഎസ്ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് രാവിലെ 11.50നാണ് വിക്ഷേപണം. വെള്ളിയാഴ്ചയാണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. എക്സ്എൽ ശ്രേണിയിലെ പിഎസ്എൽവി സി57 റോക്കറ്റാണ് പേടകത്തെ വിക്ഷേപിക്കുക.
ഒരു മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന ജ്വലന പ്രക്രിയ ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ആദ്യത്തെ പഥത്തിലെത്തിക്കും. പിന്നീട് പടിപടിയായി പഥം ഉയർത്തി 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചിയൻ പോയിന്റിലേക്ക് പേടകത്തെ തൊടുത്തു വിടും. ഒരു നീണ്ട യാത്രക്കൊടുവിൽ ഡിസംബറിലോ ജനുവരിയിലോ ലക്ഷ്യസ്ഥാനത്ത് എത്തും.
ഭൂമിക്കും സൂര്യനും ഇടയിലുള്ള തുല്യ ഗുരുത്വാകർഷണബലമുള്ള മേഖലയാണ് ആദ്യത്തെ ലഗ്രാൻജിയൻ പോയിന്റ്. ഇവിടെ ഒരു പ്രത്യേക ഭ്രമണപഥത്തിൽ ഭ്രമണം ചെയ്ത് സൂര്യനെ നിരീക്ഷിച്ച് ഡാറ്റ ലഭ്യമാക്കും. 15 കോടിയിലധികം കിലോമീറ്റർ അകലെയുള്ള സൂര്യനെ പഠിക്കാൻ ഏഴ് അത്യാധുനിക ഉപകരണങ്ങൾ ആദിത്യയുടെ പക്കലുണ്ട്. സൂര്യന്റെ കാന്തികക്ഷേത്രം, പ്ലാസ്മ പ്രവാഹം, കൊറോണൽ മാസ് ഇജക്ഷൻ, സൗരവാതങ്ങൾ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കും. സൗരപ്രതിഭാസങ്ങളിലൂടെ സൂര്യനുണ്ടാകുന്ന മാറ്റങ്ങൾ ഭൂമിയെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കുകയാണ് ആദിത്യയുടെ ലക്ഷ്യം. അഞ്ച് വർഷമാണ് ദൗത്യത്തിന്റെ കാലാവധി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.