തിരുവമ്പാടി: വേനൽ കടുത്തതോടെ ജലജന്യരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ഗ്രാമപ്പഞ്ചായത്തിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും നേതൃത്വത്തിൽ പാനീയ വില്പന ശാലകളിൽ പരിശോധന ശക്തമാക്കി. കൂൾബാറുകളിലും പാതയോരത്തെ കരിമ്പ് ജ്യൂസ് ബൂത്തുകളിലും ഉപ്പിലിട്ട പഴങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലാണ് രാത്രിയിലും പകലുമായി പരിശോധന നടത്തിയത്.
പാനീയ വില്പനശാലകളിൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയും കുടിവെള്ളം പരിശോധിക്കാതെയും കുടിവെള്ളം ശേഖരിക്കുന്ന ടാങ്കുകൾ വൃത്തിയാക്കാതെയും സ്ഥാപനങ്ങൾ നടത്തുന്നവർക്കെതിരെ പഞ്ചായത്ത് രാജ് ആക്ട്, കേരള പൊതുജനാരോഗ്യ നിയമം എന്നിവ പ്രകാരം കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി പ്രിയയും അറിയിച്ചു.
പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ ഷാജു, കെ ബി ശ്രീജിത്ത് , മുഹമ്മദ് മുസ്തഫ ഖാൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എം എസ്സ് അയന എന്നിവർ നേതൃത്വം നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.