ന്യൂഡെൽഹി: ഭാര്യയെ ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ കൊണ്ടുപോയി കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. രാജേഷ് റായ് (24) ആണ് അറസ്റ്റിലായത്. ഭാര്യയായ ബബിതയെ (29) കൊലപ്പെടുത്തിയതാണ് അറസ്റ്റ്.
കഴിഞ്ഞ വർഷം ജൂണിൽ രാജേഷിനെതിരെ ബബിത ഡെൽഹി പൊലീസിൽ പരാതി നൽകിയിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത് തന്നെ ലൈംഗീകമായി ഉപയോഗിച്ചുവെന്നായിരുന്നു പരാതി. തുടർന്ന് ഓഗസ്റ്റിൽ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് തീഹാർ ജയിലിലായ രാജേഷ് ഒക്ടോബറിലാണ് പുറത്തിറങ്ങുന്നത്. ഈ സമയത്ത് രാജേഷ് ബബിതയുമായി സന്ധി ചെയ്യുകയും ബബിത കേസ് പിൻവലിക്കുകയും ചെയ്തു. താൻ രാജേഷിനെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നുവെന്നാണ് അന്ന് ബബിത പൊലീസിനോട് പറഞ്ഞത്.
എന്നാൽ വിവാഹശേഷവും ബബിതയ്ക്ക് ക്രൂരമായ ഗാർഹീക പീഡനത്തിന് ഇരയാകേണ്ടി വന്നുവെന്ന് അവരുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു. നിരന്തരമായ വഴക്കും ശാരീരിക ഉപദ്രവങ്ങളും ബബിതയ്ക്ക് ഏൽക്കേണ്ടി വന്നു. രാജേഷുമായി പിണങ്ങി ബബിത സ്വന്തം വീട്ടിലേയ്ക്ക് പോയെങ്കിലും രാജേഷ് മകളെ പറഞ്ഞ് പാട്ടിലാക്കി തിരിച്ച് കൊണ്ടുപോവുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു.
വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയ ബബിതയുമായി രാജേഷ് ഉത്തരാഖണ്ഡിലെ ഉദ്ദം സിംഗ് നഗർ ജില്ലയിലെ ഗ്രാമത്തിലെത്തി. ജൂൺ പതിനൊന്നിനായിരുന്നു ഇത്. പിന്നീട് ബബിതയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും ബബിതയെ കുറിച്ച് വിവരങ്ങൾ അറിയാത്തതിനാൽ കുടുംബാംഗങ്ങളാണ് പരാതിയുമായി ഡെൽഹി പൊലീസിനെ സമീപിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് രാജേഷിനെ കണ്ടെത്തി. തുടർന്നുണ്ടായ ചോദ്യം ചെയ്യലിൽ രാജേഷ് കുറ്റം സമ്മതിച്ചു. താൻ ബബിതയെ നൈനിറ്റാളിലേയ്ക്ക് കൊണ്ടുപോവുകയും അവിടെ എത്തിയപ്പോൾ കൊക്കയിലേക്ക് തള്ളിയിട്ട് കൊല്ലുകയായിരുന്നു എന്നും അയാൾ പോലീസിനോട് തുറന്ന് പറഞ്ഞു. ബബിതയുടെ മൃതദേഹത്തിനായി തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.