കോഴിക്കോട്∙ ചെറുവണ്ണൂരിൽ മരിച്ച ജിഷ്ണുവിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജിഷ്ണുവിന്‍റെ മരണം വീഴ്ചയിലുണ്ടായ പരുക്കുമൂലമാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. തല കല്ലില്‍ ഇടിച്ച് ആഴത്തിലുള്ള മുറിവേറ്റു; വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ചു. എന്നാൽ മരണത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.
ഏപ്രിൽ 26നാണ് ജിഷ്ണുവിനെ ചെറുവണ്ണൂരിലെ വീടിനു സമീപം അബോധാവസ്ഥയിൽ കണ്ടെത്തിയത്. കൽപറ്റ പൊലീസ് സ്‌റ്റേഷനിൽ ജിഷ്ണുവിനെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു. കൽപറ്റ പൊലീസ് നൽകിയ വാഹന നമ്പറിലെ വിലാസം അന്വേഷിച്ചാണു നല്ലളം എസ്ഐ കെ.രഞ്ജിത്തും രണ്ടു പൊലീസുകാരും ചെറുവണ്ണൂരിലെ വീട്ടിൽ എത്തിയത്.
തുടർന്ന് വീടും വിലാസവും യഥാർഥമാണെന്നു സ്ഥിരീകരിച്ചു മടങ്ങുകയായിരുന്നെന്നാണ് എസ്ഐ അറിയിച്ചത്. തിരിച്ചു വരുന്ന വഴിയിൽ യുവാവ് മതിലിനരികിൽ വീണുകിടക്കുന്നതു കണ്ടെന്നും പരിസരവാസികളെ അറിയിച്ച് യുവാവിനെ ആശുപത്രിയിലെത്തിച്ചെന്നും ഇവർ പറഞ്ഞു. എന്നാൽ പൊലീസ് മർദനത്തെതുടർന്നാണ് ജിഷ്ണു മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.