കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയുടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി കോടതിയിൽ ഹാജരായി.
കോഴിക്കോട് ജെഎഫ്എംസി നാല് കോടതിയിലാണ് സുരേഷ് ഗോപി ഹാജരായത്. കേസിൻ്റെ കുറ്റപത്രം സുരേഷ് ഗോപിക്ക് വായിച്ച് കേള്‍പ്പിക്കും. മാധ്യമപ്രവർത്തകയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് സുരേഷ് ഗോപി പെരുമാറിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 27നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അനുമതിയില്ലാതെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളിൽ സുരേഷ് ഗോപി കൈ വച്ചു. മാധ്യമപ്രവര്‍ത്തക ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ വച്ചു. ഈ ഘട്ടത്തിൽ മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിയുടെ കൈയ്യിൽ തട്ടി അതൃപ്തി അറിയിച്ചു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവർത്തക നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
കമ്മീഷണർക്ക് നൽകിയ പരാതിയിൽ സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിക്കുകയും ദുരുദ്ദേശത്തോടെ പെരുമാറുകയും ചെയ്തുവെന്ന് മാധ്യമപ്രവർത്തക വ്യക്തമാക്കി. തുടര്‍ന്ന്, സുരേഷ് ഗോപിക്കെതിരെ ഐപിസി 354, കേരള പോലീസ് ആക്ട് 119 എ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ട് വർഷം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ഈ വകുപ്പ്. സംഭവം വിവാദമായതോടെ സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.