കോഴിക്കോട്: കയ്യേറ്റവും, മാലിന്യവും കാരണം ദിനംതോറും നശിച്ചുകൊണ്ടിരിക്കുന്ന കല്ലായിപുഴയുടെ നവീകരണത്തിന് കോഴിക്കേട് കോർപ്പറേഷൻ 12 കോടി 98ലക്ഷം രൂപ വകയിരുത്തി ഇറിഗേഷൻ വകുപ്പിനെ ഏല്പിച്ച പുഴനവീകരണ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുകയാണെന്ന് കല്ലായി പുഴ സംരക്ഷണ സമിതി.
കരാർ വ്യവസ്ഥയിൽ 4.2 കിലോമീറ്റർ ദൂരത്തിലും. 2 മീറ്ററിലധികം ആഴത്തിലും ഒരുവർഷം കൊണ്ട് പൂർത്തീകരിക്കേണ്ട നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം 2024 ഒക്ടോബറിൽ നടന്നെങ്കിലും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തി 2025 ഫെബ്രുവരി 26 നാണ് ആരംഭിച്ചത്. പ്രവൃത്തി ആരംഭിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും 200 മീറ്റർ ദൂരം പോലും ചെളിയും മാലിന്യങ്ങളും നീക്കംചെയ്യാൻ കരാറുകാരന് സാധിച്ചിട്ടില്ല.
കോതി അഴിമുഖത്ത് ഒരു ഡ്രഡ്ജറും, ഒരു ബാർജറും മാത്രം ഉപയോഗിച്ച് നടക്കുന്ന നവീകരണ പ്രവൃത്തി ഈ നിലയിൽ തുടർന്നാൽ പ്രവൃത്തി പൂർത്തീകരിക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരുമെന്നും യോഗം വിലയിരുത്തി. പുഴ നവീകരണ പ്രവൃത്തിക്ക് കൂടുതൽ യന്ത്രോപകരണങ്ങൾ ഉപയോഗിച്ച് പ്രവൃത്തി വേഗത്തിലാക്കാൻ അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കാലവർഷം ആരംഭിച്ചതിനാൽ ഇപ്പോൾ പ്രവൃത്തി നിർത്തി വെച്ചിരിക്കുകയാണ്. പുഴ നവീകരണം ഒരു ഭാഗത്ത് നടക്കുമ്പോൾ പുഴയിൽ മണ്ണിട്ട് നികത്തി കയ്യേറ്റം നടത്തുന്നവർക്കെതിരെ നൽകുന്ന പരാതിയിൽ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പുഴ കയ്യേറ്റമെന്ന് തെളിഞ്ഞിട്ടും കയ്യേറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാത്തത് ഉദ്യോഗസ്ഥരും, കയ്യേറ്റക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ട് കെട്ടാണെന്നും പുഴ സംരക്ഷണസമിതി ആരോപിച്ചു.
കയ്യേറ്റവും, മാലിന്യവും കാരണം ദിനംതോറും നശിച്ച് കുപ്പി കഴുത്ത് പോലെ ചുരുങ്ങി കൊണ്ടിരിക്കുന്ന കല്ലായി പുഴയുടെ വീണ്ടെടുപ്പിന് സർക്കാർ സമഗ്ര പദ്ധതി തെയ്യാറാക്കണമെന്നും കല്ലായി പുഴ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
പ്രസിഡണ്ട് എസ്.കെ. കുഞ്ഞിമോൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി, പി.പി. ഉമ്മർക്കോയ, എം.നൂർ മൂഹമ്മത്, കെ.ടി സിദീഖ്, എസ്.വി. അശറഫ്, എം.പി. മൻസൂർ എന്നിവർ പ്രസംഗിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










