കോഴിക്കോട്: കേരളത്തിലെ ഏറ്റവും മലിനമായ പുഴയെന്ന ഭാരവും പേറി ഒഴുകിയ കല്ലായിക്ക് ഒടുവില്‍ ശാപമോക്ഷം. ചെളിയും മാലിന്യവും അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെട്ട പുഴയുടെ ആഴംകൂട്ടല്‍ പ്രവൃത്തി 22 ന് ആരംഭിക്കും. 12.98 കോടി ചെലവിലാണ് അടിഞ്ഞുകൂടിയ എക്കല്‍, ചെളി, മരത്തടികള്‍, മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്ത് പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കുന്ന പദ്ധതി. ജൂലൈയിലാണ് ടെൻഡറിന് അനുമതിയായത്. 2023 ലാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠനത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മലിനമായ പുഴ കല്ലായി പുഴയാണെന്ന റിപ്പോർട്ട് വന്നത്. തുടർന്ന് പല കോണുകളില്‍ നിന്നായി പുഴ നവീകരണം അടിയന്തരമായി വേണമെന്ന ആവശ്യമുയർന്നു. കോർപ്പറേഷനും സർക്കാരും ഇടപെട്ടതോടെയാണ് ആഴംകൂട്ടല്‍ പദ്ധതി നടപ്പാക്കുന്നത്. പ്രവൃത്തി ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യം.
ആദ്യഘട്ടം സർവേ
മാങ്കാവ് കടുപ്പിനി മുതല്‍ കോതി അഴിമുഖം വരെ 4.2 കി.മീറ്ററിലെ ചെളിയാണ് നീക്കം ചെയ്യുക. ആദ്യഘട്ടത്തില്‍ പുഴയില്‍ നിന്നും എത്രത്തോളം മണ്ണും ചെളിയും എടുക്കേണ്ടതെന്ന കാര്യത്തില്‍ സർവേ നടത്തും. ഒന്നര മാസം കൊണ്ട് സർവേ പൂർത്തിയാക്കി ആഴംകൂട്ടല്‍ തുടങ്ങും. പുഴയിലെ മരത്തടികള്‍ കച്ചവടക്കാർ മാറ്റുമെന്ന് കോർപ്പറേഷനെ അറിയിച്ചിട്ടുണ്ട്. 2.7 മീറ്റർ ആഴത്തിലാണ് ചെളി നീക്കാനുള്ളത്. വെസ്റ്റ്കോസ്റ്റ് ഡ്രഡ്ജിംഗ് കമ്ബനിക്കാണ് കരാർ. പുഴയില്‍ നിന്നെടുക്കുന്ന ചളി കടലില്‍ കൊണ്ടിടും. പ്ലാസ്റ്റിക്കടക്കമുള്ള മറ്റ് മാലിന്യം കോർപറേഷൻ ആഭിമുഖ്യത്തില്‍ സംസ്കരിക്കും. കടലില്‍ ചളി നിക്ഷേപിക്കുന്നതിനെപ്പറ്റി നേരത്തേ സി.ഡബ്ല്യു,ആർ.ഡി.എം പഠനം നടത്തി റിപ്പോർട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2011 മുതല്‍ കല്ലായി പുഴ നവീകരണത്തിനായി പല പദ്ധതികളും ആവിഷ്കരിച്ചെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. റിവർ മാനേജ്മെന്റ് ഫണ്ട് മുഖേന ആദ്യം 4.5 കോടി രൂപയുടെ പദ്ധതിയാണ് പുഴയുടെ നവീകരണത്തിനായി ആവിഷ്കരിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ പ്രവൃത്തി നടന്നില്ല. പിന്നീട് പലവട്ടം ടെൻഡർ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ വർഷം കോർപറേഷൻ 5.07 കോടി കൂടി പ്രവൃത്തിയുടെ ചുമലയുള്ള ഇറിഗേഷൻ വകുപ്പിന് നല്‍കിയശേഷമാണ് പദ്ധതിക്ക് അനുമതിയായത്.ജൂലൈയില്‍ ജലസേചന വകുപ്പ് ടെൻഡറിന് അനുമതി നല്‍കിയതോടെ നടപടികള്‍ വേഗത്തിലായി. പുഴയുടെ ആഴം കൂട്ടുന്നതോടെ നഗരത്തിലെ വെള്ളക്കെട്ടിന് ഒരു പരിധി വരെ പരിഹാരമാകും.
ഗൃഹമാലിന്യം, ഹോട്ടല്‍ മാലിന്യം, ആശുപത്രി മാലിന്യം, കച്ചവട മാലിന്യം, കക്കൂസ് മാലിന്യം, രാസമാലിന്യം, പ്ലാസ്റ്റിക് തുടങ്ങി ഒരു പുഴയ്ക്ക് താങ്ങാവുന്നതിന്റെ എത്രയോ ഇരട്ടി മാലിന്യമാണ് കല്ലായിപ്പുഴയില്‍ ഒഴുകിയെത്തുന്നത്. 70 ഓവുചാലുകളിലൂടെ വെള്ളം കല്ലായിപ്പുഴയില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.