പന്തീരാങ്കാവ്: കേരളം വൈദ്യുതി ഉൽപ്പാദന രംഗത്ത് 2030ഓടെ 10,000 മെഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. ഇതിനുള്ള പ്രവർത്തനങ്ങൾ വൈദ്യുതി ബോർഡും സർക്കാരും നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ഉൽപ്പാദന രംഗത്ത് വലിയ മുന്നേറ്റമാണ് ഇടതുപക്ഷ സർക്കാർ നടത്തിവരുന്നത്. കേവലം മൂന്നര വർഷം കൊണ്ട് 1067.7 മെഗാ വാട്ട് അധിക ഉൽപ്പാദനശേഷി കൈവരിച്ചു. ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കാനും വോൾട്ടേജ് പ്രശ്നം പരിഹരിക്കാനും ലക്ഷ്യമിട്ട് ഒളവണ്ണയിലെ കോഴിക്കോടൻകുന്നിൽ പുതുതായി നിർമിക്കുന്ന പന്തീരാങ്കാവ് 110 കെ വി സബ്‌സ്റ്റേഷൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
143.5 സെൻ്റ് ഭൂമിയിൽ നിർമിക്കുന്ന പന്തീരാങ്കാവ് സബ്സ്റ്റേഷന് 16.9കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിട്ടുള്ളത്. ഒന്നര വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കി 2026 മാർച്ചിൽ കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി ഉപഭോക്താക്കളെ ഷോക്കടിപ്പിച്ചത് യുഡിഎഫ് സർക്കാരായിരുന്നു.2011-16 കാലയളവിൽ 49.2 ശതമാനമായിരുന്നു വർധന. കാർഷിക മേഖലയെയും ജീവകാരുണ്യ സ്ഥാപനങ്ങളെയും വെറുതെ വിട്ടില്ല. സബ്സിഡിയും അനുവദിച്ചിരുന്നില്ല. സംസ്ഥാനത്താകെ ലോഡ് ഷെഡിങും പവർ കട്ടും ഏർപ്പെടുത്തി ഇരുട്ടിലാക്കിയതും, വൈദ്യുതിയില്ലാതെ മണിക്കൂറുകളോളം ജനങ്ങളെ വലയിപ്പിച്ചതും യുഡിഎഫ് സർക്കാരായിരുന്നു.
മൂന്ന് തവണയാണ് യുഡിഎഫ് നിരക്ക് വർധിപ്പിച്ച് ജനത്തെ ദ്രോഹിച്ചത്. എന്നാൽ, 2016 മുതൽ 2024വരെയുള്ള എൽഡിഎഫ് സർക്കാരിൻ്റെ എട്ടര വർഷത്തെ ഭരണകാലത്ത് 21.68% മാത്രമാണ് വൈദ്യുതി നിരക്കിൽ വർധന വരുത്തിയിട്ടുള്ളത്. നിരക്ക് പരിഷ്കരണം ജനങ്ങളെ ബാധിക്കാതിരിക്കാൻ സബ്സിഡിയും നിലവിലുള്ള സൗജന്യങ്ങളും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിൽ നടന്ന ചടങ്ങിൽ പി ടി എ റഹീം എംഎൽഎ അധ്യക്ഷനായി. കോഴിക്കോട് ചീഫ് എഞ്ചിനീയർ ട്രാൻസ്മിഷൻ നോർത്ത് കെ ശാന്തി റിപ്പോർട്ട് അവതരിപ്പിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ ശൈലജ, ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻ്റ് പി ശാരുതി, പെരുമണ്ണ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത്, ബ്ലോക്ക് പഞ്ചായത്തംഗം കെ പുഷ്പലത, ചാത്തോത്തറ വാർഡ് മെമ്പർ പി സതീഭായി, സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറി കെ ബൈജു, ഇ രമേശൻ(സിപിഐ), കെ.കെ അബ്ദുള്ള (ജനതാദൾ എസ്), കെ.കെ മഹേഷ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), വി.പി സലീം ( ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്), ഡി.എം ചിത്രാകരൻ (ബിജെപി), സലീം പെരുമണ്ണ (എൻസിപി) എന്നിവർ സംസാരിച്ചു.
കെഎസ്ഇബി ലിമിറ്റഡ് ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപറേഷൻ ഡയറക്ടർ എസ് ശിവദാസ് സ്വാഗതവും കോഴിക്കോട് ഡെപ്യൂട്ടി സിഇ ട്രാൻസ്മിഷൻ ലേഖ റാണി നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.