കോഴിക്കോട്: ജംക്ഷനുകളിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാതെ കടന്നുപോകാൻ വിദേശ രാജ്യങ്ങളുടെ മാതൃകയിൽ കേരളത്തിലെ ആദ്യ ട്രമ്പറ്റ് ഇന്റർചേഞ്ച് കോഴിക്കോട്ട് വരുന്നു. ആറുവരിപ്പാതയായി വികസിപ്പിക്കുന്ന കോഴിക്കോട് ബൈപ്പാസും നിർദിഷ്ട പാലക്കാട്-കോഴിക്കോട് ഹൈവേയും സംഗമിക്കുന്ന പന്തീരാങ്കാവിനു സമീപം ഇരിങ്ങല്ലൂരിലാണ് ട്രമ്പറ്റ് ഇന്റർചേഞ്ച് നിർമിക്കുന്നത്.
ഒരു ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മറ്റ് വാഹനങ്ങളെ മറികടക്കാതെ ഏത് ദിശയിലേക്കും പോകാമെന്നതാണ് ഇതിന്റെ സവിശേഷതയെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു. വാഹനങ്ങൾ ഫ്ളൈ ഓവറുകൾ വഴി ആയിരിക്കും പോകുക. ഇരിങ്ങല്ലൂരിൽ നാല് ചെറിയ മേൽപ്പാലങ്ങളും (ലൂപ്പ്) ഒരു വലിയ മേൽപ്പാലവും ഉണ്ടാകും. കോഴിക്കോട് ബൈപ്പാസിലാണ് വലിയ മേൽപ്പാലം നിർമിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ ഇരിങ്ങല്ലൂരിനും വാഴയൂരിനും ഇടയിലാണ് പുതിയ പാലക്കാട്-കോഴിക്കോട് ഹൈവേ വരുന്നത്. ഈ എട്ട് കിലോമീറ്ററിന് സ്ഥലമെടുപ്പ് പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ടെൻഡർ നടപടികൾ ആരംഭിച്ചു. ഈ ഭാഗത്തിന്റെ ടെൻഡർ നവംബർ 25-ന് തുറക്കും. അതോടൊപ്പം 1627.04 കോടിരൂപ ചെലവുവരുന്ന കാരക്കൂന്നുമുതൽ വാഴയൂർവരെയും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. നവംബർ 30ന് ടെൻഡർ തുറക്കും. പുതിയ ദേശീയപാതയ്ക്കായി മൂന്ന് ജില്ലകളിലായി 547 ഹെക്ടറാണ് ഏറ്റെടുക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.