കോഴിക്കോട്: താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിൽ. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച രണ്ടാമത്തെ വാഹനവും കസ്റ്റഡിയിലെടുത്തു. മലപ്പുറം രജിസ്‌ട്രേഷനുള്ള കാർ കൊണ്ടോട്ടിയിൽ നിന്നാണ് പിടികൂടിയത്. കോഴിക്കോട് രജിസ്റ്റർ ചെയ്ത വാഹനം ഇന്നലെ മുക്കത്ത് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. വാഹനങ്ങൾ വാടകയ്ക്ക് നല്‍കിയതെന്നാണ് ഉടമകൾ പറഞ്ഞു. സംഘത്തിലൊരാൾ രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതിയാണെന്നാണ് സൂചന.
താമരശ്ശേരി തച്ചംപൊയിൽ ആവേലം മുരിങ്ങംപുറായില്‍ അഷറഫിനെ (55) യാണ് സുമോയിലും കാറിലും എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച രാത്രി 9.45നാണ് സംഭവം. റോഡരികിൽ ഉപേക്ഷിച്ച വ്യാപാരിയുടെ സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പണത്തെ ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വീട്ടിലേക്ക് വരുകയായിരുന്ന അഷ്‌റഫിന്റെ സ്‌കൂട്ടറിനു കുറുകെ കാറിലെത്തിയ സംഘം വാഹനം നിര്‍ത്തി. പിന്നീട് അഷ്‌റഫിനെ ബലമായി കാറില്‍ കയറ്റികൊണ്ടുപോകുന്നതുമാണു ദൃശ്യങ്ങളിലുള്ളത്. അഷ്‌റഫിനെ കാറിൽ കയറ്റുന്നതിനിടെ മറ്റൊരു കാർ സ്ഥലത്തെത്തി. റോഡിൽ വീണ സ്കൂട്ടർ വശത്തേക്ക് നീക്കിയ ശേഷം ആണ് അഷ്റഫിനെയും സംഘം കൊണ്ടുപോയത്. അഷ്‌റഫിന്റെ ബന്ധുവും തട്ടിക്കൊണ്ടുപോയവരും തമ്മിൽ പണമിടപാടുകൾ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോകലെന്ന് പോലീസ് പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.