കൊടിയത്തൂർ: പഞ്ചായത്തിലെ വിവിധ കടവുകളില്‍ അനധികൃത മണൽക്കടത്തിനെതിരെ കൊടിയത്തൂർ പഞ്ചായത്ത് നടപടി തുടങ്ങി. ഇടവഴിക്കടവ് തറമ്മല്‍ കടവില്‍ പുതിയ റോഡ് നിർമിച്ച് മണൽ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാഹനങ്ങൾ പോകുന്ന റോഡിൽ കല്ലിട്ട് തടഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് റോഡ് അടച്ചത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു അനധികൃത മണല്‍ കടത്ത് നടത്തുന്ന കടവുകള്‍ കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു.
വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂർ, പഞ്ചായത്തംഗം കരീം പഴങ്കല്‍, മുക്കം എസ്ഐ ഷിബില്‍ ജോസഫ്, ജൈവ വൈവിധ്യ പരിസ്ഥിതി സമിതി അംഗം സി. ഫസല്‍ ബാബു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതേത്തുടർന്നാണ് നടപടികൾ കർശനമാക്കിയത്. രാത്രിയുടെ മറവിലാണ് ലോഡ് കണക്കിന് മണൽ കടത്തുന്നത്.
രാത്രി 10ന് തുടങ്ങുന്ന മണൽക്കടത്ത് രാവിലെ വരെ തുടരുന്നതായി നാട്ടുകാർ പറയുന്നു. അനധികൃത മണൽ കടത്ത് തടയാൻ പോലീസിൻ്റെ സഹായത്തോടെ കർശന നടപടികൾ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.