കൊടിയത്തൂർ: കക്കൂസ് മാലിന്യവുമായി എത്തിയ വാഹനത്തിന് പഞ്ചായത്ത് അധികൃതർ 25,000 രൂപ പിഴയിട്ടു. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ പന്നിക്കോട് ചൊവ്വാഴ്ച രാവിലെ ആറോടെയാണ് സംഭവം. കഴിഞ്ഞയാഴ്ച പന്നിക്കോട് തെനേങ്ങ പറമ്പിൽ മേഖലയിൽ രാത്രിയുടെ മറവിൽ വ്യാപകമായി കക്കൂസ് മാലിന്യം തള്ളിയിരുന്നു. ഇതേതുടർന്നു കുറച്ച് ദിവസങ്ങളായി നാട്ടുകാർ നിരീക്ഷണത്തിലായിരുന്നു. വാഹനത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഇതിനിടയിലാണ് പുലർച്ചെ വാഹനം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തേനേങ്ങാപറമ്പിൽ വാഹനം കൈകാണിച്ചെങ്കിലും നിർത്താതെ പോയതിനെ തുടർന്ന് പന്നിക്കോട് സമീപത്തുനിന്നും പിടികൂടുകയായിരുന്നു.
ഗ്രാമപ്പഞ്ചായത്ത് അധികൃതരെയും മുക്കം പോലീസിനെയും വിവരമറിയിച്ചതിനെ തുടർന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു പൊലുകുന്ന്, പഞ്ചായത്തംഗങ്ങളായ യു.പി. മമ്മദ്, എം.ടി. റിയാസ്, പഞ്ചായത്ത് ഹെല്‍ത്ത് ഇൻസ്പെക്ടർ സി. റിനില്‍, മുക്കം സ്റ്റേഷനിലെ റഷീദിന്റെ നേതൃത്വത്തിൽ പൊലീസ് എന്നിവർ സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു.
തുടർന്ന് ഗ്രാമപഞ്ചായത്ത് 25,000 രൂപ പിഴ ഈടാക്കി വാഹനം വിട്ടുനൽകി. ഇതിനിടെ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ എത്തിയ നാട്ടുകാർ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് മുന്നിൽ പ്രതിഷേധിച്ചു. ഇത് വാക്ക് തർക്കത്തിനും നേരിയ സംഘർഷത്തിനും ഇടയാക്കി. മുക്കം പോലീസ് എത്തി രംഗം ശാന്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.