മുകൊടിയത്തുര്: ബാങ്കുകളിൽ മുക്കുപണ്ടം പണയപ്പെടുത്തി 32 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി. ദളിത് കോണ്‍ഗ്രസ് ജില്ലാസെക്രട്ടറി വിഷ്ണു കയ്യൂണുമ്മല്‍, മാട്ടുമുറിക്കല്‍ സന്തോഷ് കുമാര്‍ എന്നിവരെയാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. കൊണ്ടോട്ടി സ്വദേശിയാണ് മുക്കുപണ്ടം നൽകിയതെന്ന വിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തെളിവെടുപ്പിനായി കൊണ്ടോട്ടിയിലെ വീട്ടിലെത്തിച്ചെങ്കിലും ആളില്ലാത്തതിനാൽ മടങ്ങുകയായിരുന്നു.
കേസില്‍ ഉള്‍പ്പെട്ട കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്ത്, വിഷ്ണുവിനൊപ്പം അറസ്റ്റിലായ സന്തോഷ് കുമാര്‍, ജാമ്യത്തിലിറങ്ങിയ സന്തോഷ് കുമാറിന്റെ ഭാര്യ ഷൈനി എന്നിവര്‍ നിരപരാധികളാണെന്നാണ് വിഷ്ണുവിന്റെ മൊഴി. ഇവരെ തെറ്റിദ്ധരിപ്പിച്ചാണ് ബാങ്കിലെത്തിച്ചതെന്ന് വിഷ്ണു പറയുന്നു.
വെള്ളിയാഴ്ച കൊടിയത്തൂരിലെ ഗ്രാമീണ ബാങ്കിലും ശനിയാഴ്ച കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യന്മുഴി ശാഖയിലും തെളിവെടുപ്പ് നടത്തി. ഉച്ചയോടെ പ്രതികളുമായി മുക്കം സ്റ്റേഷനിലെത്തിയ പൊലീസ് മൂന്നു മണിയോടെയാണ് ഗ്രാമീണ്‍ ബാങ്ക് കൊടിയത്തൂര്‍ ശാഖയിലെത്തിയത്. പെരുമണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വയ്ക്കുന്നതിനിടെ പിടിയിലായ ഇവര്‍ ഇരുവരും കോഴിക്കോട് ജില്ലാജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂര്‍ ശാഖയില്‍ നിന്ന് 24.26 ലക്ഷം രൂപയും കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യന്മുഴി ശാഖയില്‍ നിന്ന് 7.2 ലക്ഷം രൂപയുമാണ് മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പു നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് മുക്കം ഇന്‍സ്പെക്ടര്‍ കെ. പ്രജീഷ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.