മുക്കം: മുക്കത്ത് വലിയ തോതിൽ നിരോധിത പുകയിലയുമായി യുവാവ് അറസ്റ്റിൽ. അരീക്കോട് കാവന്നൂര്‍ സ്വദേശി കൊടക്കാട്ട് ഇസ്ഹാഖ് (34) നെയാണ് എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഓടത്തെരുവില്‍ മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ചാക്കുകളിലായി സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഹാന്‍സ്.
താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ് തെങ്ങിലക്കണ്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുക്കം ഇന്‍സ്‌പെക്ടര്‍ കെ.പി അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചില്ലറ വിപണിയില്‍ രണ്ടു ലക്ഷത്തോളം രൂപ വില വരുന്നതാണ് പിടികൂടിയ ഹാന്‍സ്. കര്‍ണാടകയില്‍ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങി കേരളത്തിലെത്തിച്ചു പത്തിരട്ടിയിലധികം രൂപയ്ക്കു വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
നവംബറില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഒരുങ്ങുന്നതിനിടെ ജില്ലയിലുടനീളം ലഹരി വസ്തുക്കള്‍ കടത്തുന്നതും വില്‍പ്പന നടത്തുന്നതും കണ്ടെത്തി പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി ഡോ.എ. ശ്രീനിവാസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി വാഹനം പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഇസ്ഹാഖ് പിടിയിലായത്.
ഇയാള്‍ക്ക് കര്‍ണാടകയില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു നല്‍കുന്നവരെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. ഇവര്‍ക്കായി അന്വേഷണം തുടരും. ലഹരി വസ്തുക്കളുടെ വില്‍പ്പന തടയുന്നതിന് ശക്തമായ നടപടി തുടര്‍ന്നുള്ള ദിവസങ്ങളിലും ഉണ്ടാകുമെന്ന് മുക്കം ഇന്‍സ്‌പെക്ടര്‍ കെ. പി. അഭിലാഷ് പറഞ്ഞു. മുക്കം എസ്.ഐ സജിത്ത് സജീവ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുല്‍ റഷീദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷെഫീഖ് നീലിയാനിക്കല്‍, സിംജിത്ത് പിലാശ്ശേരി, നവഗീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.