കോഴിക്കോട്: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ ബിസി റോഡ് നാറാണത്ത് വീട്ടിൽ ജിഷ്ണു (28) ആണ് മരിച്ചത്. നല്ലളം പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരാണ് ഇന്നലെ രാത്രി ജിഷ്ണുവിനെ വീട്ടിൽ നിന്ന് ഇറക്കികൊണ്ട് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. വീവീട്ടിലില്ലായിരുന്ന ജിഷ്ണുവിനെ ഫോണിൽ വിളിച്ചുവരുത്തിയാണ് കൂട്ടിക്കൊണ്ട് പോയത്.
തുടർന്ന് രാത്രി 9.30 ഓടെ ജിഷ്ണുവിനെ വീടിന് സമീപത്തെ റോഡിൽ അത്യസന്ന നിലയിൽ നാട്ടുകാർ കണ്ടെത്തി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിഷ്ണുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്.
സംഭവത്തിൽ അന്വേഷണം വേണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണക്ക് പരാതി നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ.
അതേസമയം തങ്ങള്‍ ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് നല്ലളം പൊലീസ് അറിയിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി മാത്രമാണ് ജിഷ്ണുവിനെ സമീപിച്ചതെന്നാണ് പോലീസ് പറയുന്നത്. കല്പറ്റ പൊലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജിഷ്ണുവിന്റെ വീട്ടിലെക്ക് പോയിരുന്നു. എന്നാല്‍ ജിഷ്ണു വീട്ടിലുണ്ടായിരുന്നില്ല അതിനാല്‍ വിളിപ്പിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ ജിഷ്ണുവിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മറ്റു നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നുമാണ് പൊലീസ് നല്കുന്ന വിശദീകരണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.