കരിപ്പൂർ: വലിയ വിമാനങ്ങൾക്ക് നിയന്ത്രണവും കൊവിഡ് പ്രതിസന്ധിയും ഉണ്ടായിട്ടും കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവില്ല.
കൊവിഡ് കാലത്ത് സർവീസുകളുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായെങ്കിലും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കരിപ്പൂർ ആറാം സ്ഥാനത്താണ്. കൂടുതൽ സർവീസുകളും വലിയ വിമാനങ്ങളും ഉള്ള വിമാനത്താവളങ്ങളെ മറികടന്ന് ഏറ്റവും കൂടുതൽ രാജ്യാന്തര യാത്രക്കാർ ഉള്ളത് കരിപ്പൂരാണ്.
2021-22 സാമ്പത്തിക വർഷത്തിൽ കരിപ്പൂർ വഴി കടന്നുപോയവരുടെ എണ്ണം 16,65,145 ആണ്. കോവിഡിന് മുമ്പ് ആകെ യാത്രക്കാരുടെ എണ്ണം 32.29 ലക്ഷം ആയിരുന്നു. കോവിഡ് രൂക്ഷമായ 2020-21ല് 9,02,012 പേരാണ് ഉണ്ടായിരുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് കരിപ്പൂർ. കൊച്ചി-47,17,777, തിരുവനന്തപുരം-16,55,506, കണ്ണൂർ-7,99,122 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. ആഭ്യന്തര യാത്രക്കാരുടെ എണ്ണമാണ് തിരുവനന്തപുരത്തിന് നേട്ടമായത്. കഴിഞ്ഞ വർഷം 13,55,424 രാജ്യാന്തര യാത്രക്കാരാണ് കരിപ്പൂരിലൂടെ കടന്നുപോയത്.
ഡൽഹി, മുംബൈ, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവയാണ് കരിപ്പൂരിന് മുന്നിലുള്ള വിമാനത്താവളങ്ങൾ. മുൻ വർഷം യാത്രക്കാരുടെ എണ്ണം 7,12,872 ആയിരുന്നു. സർവീസുകളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ഇക്കാലയളവിൽ 10,697 അന്താരാഷ്ട്ര സർവീസുകൾ നടത്തി. മുൻ സാമ്പത്തിക വർഷം ഇത് 5611 ആയിരുന്നു.
ആഭ്യന്തര യാത്രക്കാരുടെ എണ്ണവും മെച്ചപ്പെട്ടിട്ടുണ്ട്. അതേ സമയം കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ ഏറ്റവും കുറവ് ആഭ്യന്തര സർവീസ് നടത്തുന്നത് കരിപ്പൂരിലാണ്. യാത്രക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് കരിപ്പൂർ. കഴിഞ്ഞ വർഷം ആഭ്യന്തര യാത്രക്കാരുടെ എണ്ണം 3,09,721 ആയിരുന്നു. 4311 ആഭ്യന്തര സർവീസുകളാണ് കഴിഞ്ഞ വർഷം നടത്തിയത്.
ഇതേ കാലയളവിൽ 5674 ആഭ്യന്തര സർവീസുകൾ നടത്തിയപ്പോൾ കണ്ണൂരിൽ യാത്രക്കാരുടെ എണ്ണം 2,76,492 ആയി. 2021-22 ലെ ചരക്ക് 10,544 ടണ്ണാണ്. ഇതിൽ 9937 ടൺ അന്താരാഷ്ട്ര മേഖലയിലും 607 ടൺ ആഭ്യന്തര മേഖലയിലുമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.