കോഴിക്കോട് : ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാതെ അകത്തു കുടുങ്ങിയ രോഗി മരിച്ചതില്‍ വീഴ്ചയായത് ആംബുലന്‍സിന്റെ കാലപ്പഴക്കം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ബീച്ച് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് ഗുരുതരാവസ്ഥയിലാണ് രോഗിയെ കൊണ്ടുവന്നത്. എന്നാൽ, ആംബുലൻസിന്റെ വാതിൽ തുറക്കാന്‍ കഴിയാഞ്ഞതിനാല്‍ ചികിത്സ നൽകാനായില്ല.
ഇന്നലെ ഉച്ചയോടെ വാഹനാപകടത്തെ തുടർന്നാണ് കോയമോനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചത്. നില ഗുരുതരമായതിനെ തുടർന്ന് ബീച്ച് ആശുപത്രി ആംബുലൻസിൽ ഹൗസ് സർജനോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. ഡോർ തുറക്കാനാവാതെ രോഗി അരമണിക്കൂറോളം ആംബുലൻസിൽ കുടുങ്ങി. തുടർന്ന് വാതിൽ തകർത്താണ് രോഗിയെ പുറത്തെടുത്തത്.
എന്നാൽ, ഗവ. ജനറൽ ആശുപത്രിയിലെ 2 ആംബുലൻസുകളിൽ ഒന്ന് ടൈമിംഗ് ചെയിൻ മാറ്റാൻ വേണ്ടി വർക്ക് ഷോപ്പിലാണ്. 20 വർഷത്തിലേറെ പഴക്കമുള്ള ആംബുലൻസാണ് നിലവിൽ ഇവിടെ ഉപയോഗിക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫാറൂഖ് കരുവൻതിരുത്തി എസ്പി ഹൗസില്‍ കോയമോനെ ബീച്ച് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലെത്തിച്ചത് ഈ പഴയ ആംബുലൻസിലാണ്.
ഈ ആംബുലൻസ് ഇടയ്ക്കിടെ കേടാകാറുണ്ടെന്നും പറയുന്നു. ദിവസത്തിൽ മൂന്നോ നാലോ തവണ രോഗികളെ അത്യാവശ്യ ഘട്ടങ്ങളിൽ ഇവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റേണ്ടി വരാറുണ്ട്. അപ്പോഴെല്ലാം ഈ ആംബുലന്‍സാണ് ഉപയോഗിക്കാറുള്ളത്. നിലവിൽ വാതിൽ തകരാറിലായ ആംബുലൻസും വർക്ക് ഷോപ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുമൂലം ബീച്ച് ആശുപത്രിയിൽ ആംബുലൻസ് സേവനം ലഭ്യമല്ല. എം കെ രാഘവൻ എംപി പുതിയ ആംബുലൻസിനായി 36 ലക്ഷം രൂപ നേരത്തെ അനുവദിച്ചാണ്. ഇതനുസരിച്ച് ആംബുലൻസ് ലഭിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസിൽ പർച്ചേസ് ഓർഡറും നൽകിയെങ്കിലും ആംബുലൻസ് ലഭ്യമായിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.