കോഴിക്കോട്: കുരുവട്ടൂര്‍ പോലൂരിലെ വീട്ടിനുള്ളിലെ അജ്ഞാത പ്രതിഭാസത്തിനു കാരണം വിദഗ്ദ്ധ സംഘം കണ്ടെത്തി. സോയിൽ പൈപ്പിംഗ് (കുഴലീകൃത മണ്ണൊലിപ്പ്) ആണ് അജ്ഞാത ശബ്ദത്തിന് കാരണമെന്ന് സംഘത്തിന്റെ വിലയിരുത്തൽ. പ്രദേശത്ത് ഭൂമിശാസ്ത്രപരമായ പഠനം നടത്താനും സംഘം തീരുമാനിച്ചിട്ടുണ്ട്.
സമീപ പ്രദേശങ്ങളിൽ നിന്നുള്ള വെള്ളം വീടിന്റെ തറയിലേക്ക് ഒഴുകുന്നതായി കണ്ടെത്തി. ശബ്ദം വെള്ളം ഭൂമിക്കടിയിലൂടെ ഒഴുകുന്നതും മണ്ണൊലിപ്പും കാരണമാകാം എന്നാണ് വിലയിരുത്തൽ. ജിയോളജിസ്റ്റ് ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കും.
പോലൂർ ക്ഷേത്രത്തിന് സമീപം തെക്കേമാരത്ത് ബിജുവിന്റെ വീട്ടിലാണ് ശബ്ദം കേൾക്കുന്നത്. മൂന്നാഴ്ച മുമ്പാണ് കുടുംബം അത്തരമൊരു ശബ്ദം കേൾക്കാൻ തുടങ്ങിയത്. വീടിന്റെ താഴത്തെ നിലയിൽ നിൽക്കുമ്പോൾ മുകളിൽ നിന്നും മുകളിലത്തെ നിലയിൽ നിൽക്കുമ്പോൾ താഴെ നിന്നും ശബ്ദം കേൾക്കുന്നു. ആദ്യം അതൊരു തോന്നലാണെന്നാണ് കരുതിയത്. സമീപത്തെ വീടുകളിൽ അത്തരം പ്രതിഭാസമില്ലെന്ന് വ്യക്തമായപ്പോൾ താമസക്കാർ പരിഭ്രാന്തരായി. തുടർന്ന് സംഭവം വാർത്തയായതോടെ വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മന്ത്രി ഏ.കെ.ശശീന്ദ്രനും വീട് സന്ദര്‍ശിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.