കോഴിക്കോട്: സൂപ്പർ ലീഗ് കേരള, ഐ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് തിരിതെളിയാനിരിക്കെ കോർപ്പറേഷൻ സ്റ്റേഡിയം മോടിപിടിപ്പിക്കാൻ കേരള ഫുട്ബോൾ അസോസിയേഷൻ. ഫ്ലഡ് ലൈറ്റുകൾ, അന്താരാഷ്ട്ര നിലവാരമുള്ള പുൽമൈതാനമുൾപ്പടെയുള്ള പ്രവൃത്തികൾ ഈ മാസം അവസാനത്തോടുകൂടി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് അസോസിയേഷൻ കരുതുന്നത്. പഴയരീതിയിലുള്ള ഫ്ളഡ് ലൈറ്റുകളാണ് ഇപ്പോഴുള്ളത്. എന്നാൽ ബൾബുകൾ മാറ്റുന്നതോടുകൂടി പുതിയ നിലവാരത്തിലേക്ക് ഉയരും. പുതിയ ലൈറ്റുകൾ വെള്ളിയാഴ്ചയെത്തും.
ഐ.എസ്.എൽ. മാതൃകയിൽ സംസ്ഥാനത്തെ ആറു ക്ലബ്ബുകൾ മാറ്റുരയ്ക്കുന്ന ‘സൂപ്പർ ലീഗ് കേരള’, ഐ ലീഗ് തുടങ്ങിയ വിവിധമത്സരങ്ങൾക്ക് സ്റ്റേഡിയം വേദിയാകും. ഐ ലീഗിൽ കളിക്കുന്ന ഗോകുലം കേരളയുടെയും സൂപ്പർലീഗ് കേരളയിൽ കളിക്കുന്ന കാലിക്കറ്റ് എഫ്.സിയുടെയും കണ്ണൂർ ടീമിന്റെയും ഹോം ഗ്രൗണ്ടാണ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം. ഇപ്പോൾ കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ ചുമതല കേരള ഫുട്ബോൾ അസോസിയേഷനാണ് നൽകിയിരിക്കുന്നത്. സെപ്റ്റംബർ ആദ്യമാണ് സൂപ്പർലീഗ് മത്സരങ്ങൾ കൊച്ചിയിൽ ആരംഭിക്കുന്നത്. അതിനുശേഷമുള്ള മത്സരങ്ങൾ കോഴിക്കോട്ടു നടക്കും. ഒക്ടോബർ അവസാനത്തോടെ ഐ ലീഗ് മത്സരങ്ങളും ആരംഭിക്കും. വി.ഐ.പി ഗാലറിയിലെ ഇരിപ്പിടങ്ങൾ ശരിയാക്കുകയും മേൽക്കൂര സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങൾ പൂർത്തിയാക്കുന്നതും ഫുട്ബോൾ അസോസിയേഷന്റെ ആലോചനയിലുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.