കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ഇതുവരെ അഞ്ച് നിപ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവരിൽ വൈറസ് ബാധിച്ച് രണ്ട് പേർ മരിച്ചു. കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 13 പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നാലുപേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട്ടും സമീപ ജില്ലകളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെ പരിശോധിക്കുന്നതിനുള്ള കാമ്പയിൻ തുടരുകയാണ്. ഇതോടെ തിരിച്ചറിഞ്ഞവരുടെ എണ്ണം 789 ആയി. അതേസമയം, വൈറസ് പടരുന്നത് തടയാൻ കേരള സർക്കാർ കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
അണുബാധയുടെ ഗുരുതരമായ സ്വഭാവം കണക്കിലെടുത്ത് കോഴിക്കോട് ഭരണകൂടം 8 ഗ്രാമപഞ്ചായത്തുകളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാർഡുകൾ, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാർഡുകൾ, തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ 1,2,20 വാർഡുകൾ, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാർഡുകൾ, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9 വാർഡുകൾ, കാവിലും പാറ ഗ്രാമപഞ്ചായത്തിലെ 2,10,11,12,13,14,15,16 വാർഡുകളെയാണ് കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കോഴിക്കോട് ജില്ലാ കളക്ടർ എ ഗീത ചൊവ്വാഴ്ച ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിരോധിത മേഖലകളിലേക്കും പുറത്തേക്കും ഒരു യാത്രയും അനുവദിക്കില്ലെന്നും ഈ പ്രദേശങ്ങൾ വളയാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു. നിരോധിത മേഖലകളിൽ അവശ്യവസ്തുക്കളും മെഡിക്കൽ സാമഗ്രികളും വിൽക്കുന്ന കടകൾ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ എന്നും കളക്ടർ അറിയിച്ചു.
ഈ പ്രദേശങ്ങളിലെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെ തുറന്ന് പ്രവർത്തിക്കാമെന്നും മെഡിസിൻ ഷോപ്പുകളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തനത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വില്ലേജ് ഓഫീസുകൾക്കും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാമെന്നും കളക്ടർ പറഞ്ഞു. ബാങ്കുകൾ, മറ്റ് സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ എന്നിവ നിരോധിത മേഖലകളിൽ പ്രവർത്തിക്കരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പൊതുജനങ്ങൾ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമീപിക്കുന്നത് ഒഴിവാക്കണമെന്നും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.