കോഴിക്കോട്: കാല്‍രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലില്‍ ഒഴുകിവന്ന വീട്ടമ്മയെ യുവാക്കള്‍ രക്ഷിച്ചു . പുലർച്ചെ 2.45 ഓടെയാണ് ചൂണ്ടയിടുകയായിരുന്ന യുവാക്കളാണ് രക്ഷിച്ചത്.
ആദ്യം നീർനായയാണെന്നാണ് കരുതിയത്. തെരുവുവിളക്കിന്റെ നേരിയ വെളിച്ചത്തില്‍ കൈയും തലയും വെള്ളത്തിനു മുകളില്‍ കണ്ടതോടെ എടക്കാട് സ്വദേശി ഡോണ്‍ എഡ്വിനും സുഹൃത്തുക്കളും വെള്ളത്തിലേക്ക് എടുത്തുചാടി.
പിന്നീട്, അവരെ പിടിച്ചുനിർത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അപ്പോള്‍ ബോധമുണ്ടായിരുന്നില്ല. മൊകവൂർ സ്വദേശിയാണ് വീട്ടമ്മ. 25 മീറ്ററോളം ദൂരം ഇവർ വെള്ളത്തിലൂടെ ഒഴുകിയിട്ടുണ്ടാകാമെന്ന് കരുതുന്നു.
പൊലീസ് സ്ഥലത്തെത്തി, യുവാക്കളോടൊപ്പം വെള്ളത്തിലിറങ്ങി. രണ്ടരമീറ്ററോളം ഉയരവും ഒരാള്‍പ്പൊക്കത്തില്‍ വെള്ളവുമുള്ള കനാലില്‍നിന്ന് സാഹസികമായാണ് സ്ത്രീയെ കരയ്ക്കെത്തിച്ചത്. പൊലീസ് വാഹനത്തില്‍ത്തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഒരു മണിക്കൂറിലേറെ പ്രഥമശുശ്രൂഷ നല്‍കിയശേഷം ബീച്ചാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കാല്‍വരിഞ്ഞുമുറുക്കി വെള്ളത്തിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചതാകാനാണ് സാധ്യതയെന്നും ഇവരില്‍നിന്ന് മൊഴിയെടുത്താല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും എലത്തൂർ പൊലീസ് പറഞ്ഞു. ഡോണ്‍ എഡ്വിൻ, വെസ്റ്റ്ഹില്‍ കരിയാട്ടുംപൊയില്‍ അതുല്‍, കുമാരസ്വാമിയിലെ ചെറുവലത്ത് ഉമ്മാരത്ത് കൃഷ്ണദേവ് വീട്ടില്‍ നിരഞ്ജൻ, എടക്കാട് കക്കാട്ടുപൊയില്‍ അതുല്‍ എന്നിവരാണ് രക്ഷകരായ യുവാക്കള്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.