കോഴിക്കോട്: ആയിരക്കണക്കിന് രോഗികളെത്തുന്ന മെഡിക്കൽ കോളേജിൽ ആവശ്യത്തിന് നഴ്സുമാരില്ല. ഇതോടെ നിലവിലെ നഴ്സുമാർ ഇരട്ടി ജോലിഭാരം അനുഭവിക്കുകയാണ്. ദിനംപ്രതി രോഗികളുടെ എണ്ണം കൂടുമ്പോഴും ജീവനക്കാരെ നിയമിക്കുന്നതിൽ സർക്കാർ അലംഭാവം തുടരുകയാണ്.
60 വർഷം മുമ്പ് തയ്യാറാക്കിയ സ്റ്റാഫ് പാറ്റേൺ അനുസരിച്ചാണ് ഇപ്പോഴും നഴ്സുമാരെ നിയമിക്കുന്നത്. പുതിയ അത്യാഹിതവിഭാഗം, ടെര്‍ഷ്യറി കാൻസര്‍ സെന്ററില്‍ രണ്ട് വാര്‍ഡുകള്‍, മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ലേബര്‍ റൂം, എം.സി.എച്ചിലെ രണ്ട് ഐ.സി.യു. തുടങ്ങിയവ ആരംഭിച്ചെങ്കിലും ഇവിടങ്ങളിൽ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിച്ചിട്ടില്ല. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അനുവദിച്ച നഴ്സുമാരാണ് ഇവിടെ ജോലി ചെയ്യുന്നത്. രോഗികള്‍ക്ക് ആനുപാതികമായി 2000 നഴ്സുമാരെങ്കിലും ആവശ്യമുള്ള ആശുപത്രിയില്‍ അഞ്ഞൂറിനടുത്ത് നഴ്സുമാരാണുള്ളത്. ഇതിൽ 350 നഴ്സുമാരാണ് സ്ഥിരം തസ്തികയിലുള്ളത്. നിലവിൽ മെഡിക്കൽ കോളേജിൽ 137 സ്റ്റാഫ് നഴ്സുമാരുടെയും നാല് ഹെഡ് നഴ്സുമാരുടെയും കുറവുണ്ട്.
കൂടാതെ 20 ടെക്നീഷ്യൻ, 28 അറ്റൻഡര്‍ ഗ്രേഡ്1, 20 അറ്റൻഡര്‍ ഗ്രേഡ്2, 16 ട്രോളി മാനേജര്‍ തുടങ്ങിയ ഒഴിവുകളും. നിലവിൽ മെഡിക്കൽ കോളേജിൽ അനുവദിച്ച 500 സ്റ്റാഫ് നഴ്സുമാരിൽ 137 ഒഴിവുകൾ വർഷങ്ങളായി നികത്താതെ കിടക്കുകയാണ്. പിഎസ്സി വഴിയുള്ള റിക്രൂട്ട്മെന്റിന് പകരം കരാർ അടിസ്ഥാനത്തിൽ (ഡിഎംഇ ബോണ്ടിനു കീഴിൽ) സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു. ഇവരുടെ കാലാവധി കഴിയുന്നതോടെ വീണ്ടും ഒഴിവ് വരുന്ന അവസ്ഥയാണ്.
വാർഡുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികൾക്ക് കൃത്യമായ ചികിത്സ നിഷേധിക്കുകയാണ്. നിലവിലെ ജീവനക്കാർക്കും ഇരട്ടി ജോലിഭാരമുണ്ട്. നഴ്സുമാരിൽ പലരും രാവിലെയും ഉച്ചയ്ക്കും രാത്രിയുമായി തുടർച്ചയായി ഡബിൾ ഡ്യൂട്ടി ചെയ്യുന്നു. അർഹതപ്പെട്ട അവധി പോലും ലഭിക്കുന്നില്ലെന്ന് നഴ്സുമാർ പറയുന്നു. ഐസിയുവിൽ നാല് രോഗികൾക്ക് ഒരു നഴ്സ് വേണമെന്നിരിക്കെ, 14 കിടക്കകളും ആറ് വെന്റിലേറ്ററുകളും ഉള്ള ആശുപത്രിയിലെ വനിതാ സർജറി ഐസിയുവിൽ മിക്ക ദിവസങ്ങളിലും രണ്ട് സ്റ്റാഫ് മാത്രമാണുള്ളതെന്ന് ജീവനക്കാർ പറയുന്നു. ഐസികളിൽ പോലും ആവശ്യത്തിന് ജീവനക്കാരില്ല. മാസങ്ങൾക്കുമുമ്പ് പീഡനം നടന്ന സമയത്ത് സ്ത്രീകളുടെ സർജറി ഐസിയുവിൽ ഒരു സ്റ്റാഫ് മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് ജീവനക്കാർ പറഞ്ഞു.
1996 ല്‍ ആരംഭിച്ച സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഇതുവരെ കൃത്യമായ നിയമനം നടന്നിട്ടില്ലെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. പുതുതായി ആരംഭിച്ച പി.എം.എസ്.എസ്.വൈ. ബ്ലോക്കിലെ അത്യാഹിതവിഭാഗത്തില്‍ 40 ജീവനക്കാരെ താത്കാലികമായി നിയമിച്ചെങ്കിലും നഴ്സുമാരെ നിയമിച്ചിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന നഴ്സുമാരെ ആവശ്യാനുസരണം സ്ഥലം മാറ്റിയും, ആശുപത്രി വികസന സമിതി താല്കാലികമായി നിയമിച്ച നഴ്സുമാരെ ഉപയോഗിച്ചുമാണ് നിലവില്‍ കാര്യങ്ങള്‍ നടക്കുന്നത്.
” ജീവനക്കാരുടെ കുറവ് പാവപ്പെട്ട രോഗികള്‍ക്ക് കൃത്യമായി സേവനം ലഭിക്കുന്നതിന് പോലും തടസം ആവുകയാണ്. ജോലിഭാരവും, അടിസ്ഥാന ശമ്ബളവും, കൃത്യമായ ലീവും ലഭിക്കാത്തതിനാല്‍ കൂടുതല്‍ നഴ്സുമാരും പുറത്തേക്ക് പോകാനുള്ള നീക്കത്തിലാണ്. അതും കൂടിയാകുമ്ബോള്‍ ആശുപത്രി പ്രവര്‍ത്തനം ഒന്നും കൂടെ താളം തെറ്രും.അതിനാല്‍ ആവശ്യത്തിന് പുതിയ തസ്തികകള്‍ അനുവദിച്ച് ജീവനക്കാരുെട എണ്ണം നികത്തണം എന്നാല്‍ മാത്രമേ ആശുപത്രി പ്രവര്‍ത്തനം സുഗമമായി നടക്കുകയുള്ളൂ”-
സജിത്ത് ചരണ്ടത്തൂര്‍ (കേരള ഗവണ്മെന്റ് നേഴ്സിംഗ്
യൂണിയൻ ജില്ലാ പ്രസിഡന്റ്)
ഒഴിവുകള്‍ ഇങ്ങനെ
സ്റ്രാഫ് നഴ്സുമാര്‍ 137
ഹെഡ് നഴ്സുമാര്‍ 4
ടെക്നീഷ്യൻ 20
അറ്റൻഡര്‍ ഗ്രേഡ്1 28
അറ്റൻഡര്‍ ഗ്രേഡ്2 20
ട്രോളി മാനേജര്‍ 16
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









