കോഴിക്കോട്: അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതുക്കിനിർമിക്കുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് മെട്രോ റെയിൽ സ്റ്റേഷന് സ്ഥലംവിട്ടത് വെറുതേയാകില്ലെന്ന് കേരള ബജറ്റ്. കൊച്ചി മെട്രോ മാതൃകയിൽ കോഴിക്കോട്ടും മെട്രോ ട്രെയിൻ ഓടിക്കാൻ തയ്യാറെടുക്കുന്ന വിവരം വെള്ളിയാഴ്ച ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. ഇതിനായി തുകയൊന്നും വകയിരുത്തിയില്ലെങ്കിലും തിരുവനന്തപുരത്തിനുപിന്നാലെ മെട്രോ കോഴിക്കോട്ടും വരുമെന്ന് അദ്ദേഹമറിയിച്ചു.
മോണോ റെയിലും ലൈറ്റ് മെട്രോയും വരുമെന്ന പ്രഖ്യാപനങ്ങൾക്കുശേഷമാണ് സമ്പൂർണ മെട്രോതന്നെയാണ് വരുന്നതെന്ന ബജറ്റ് പ്രഖ്യാപനത്തിലേക്ക് സർക്കാർ എത്തുന്നത്. നഗരത്തിൽ നേരത്തേ പരിഗണനയിലുണ്ടായിരുന്ന ലൈറ്റ് മെട്രോയ്ക്കുപകരം വെസ്റ്റ്ഹിൽ-രാമനാട്ടുകര, ബീച്ച്-മെഡിക്കൽ കോളേജ് റൂട്ട് പരിഗണിച്ച് സമഗ്ര ഗതാഗതപദ്ധതിയുടെ ഭാഗമായാണ് മെട്രോ വരുക. ഇതിലേക്ക് 20 ശതമാനം സംസ്ഥാനസർക്കാരും 20 ശതമാനം കേന്ദ്രസർക്കാരും ബാക്കി 60 ശതമാനം വായ്പയുമാണ്.
നേരത്തേ, മീഞ്ചന്തമുതൽ മെഡിക്കൽ കോളേജ് വരെയാണ് മോണോ റെയിലും ലൈറ്റ് മെട്രോയും ആസൂത്രണംചെയ്തതും വിശദപദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കിയതും. എന്നാൽ, നഗരഗതാഗത സ്വഭാവം ഏറെമാറിയെന്ന കേന്ദ്രത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പഠനം നടത്താൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി കോർപ്പറേഷൻ, രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികൾ, ഒളവണ്ണ, കുന്ദമംഗലം, കടലുണ്ടി പഞ്ചായത്തുകൾ ഉൾപ്പെടുന്ന 210 ചതുരശ്രകിലോമീറ്റർ സമഗ്ര മൊബിലിറ്റി പ്ലാനിന്റെ പഠനത്തിന് വിധേയമാക്കി. 10.63 ലക്ഷമാണ് ജനസംഖ്യ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.