കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ ആറ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലാണ് ഷിഗെല്ല കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
പനിയും വയറിളക്കവും മൂലം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും ചികിത്സ തേടുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കാരശ്ശേരി പഞ്ചായത്തിലെ 1, 18 വാര്‍ഡുകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആറും പത്തും വയസ്സുള്ള ആണ്‍കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. 10 വയസുകാരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പും പഞ്ചായത്തും ചേര്‍ന്ന് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്തിലെ ഭക്ഷണശാലകള്‍, ഇറച്ചിക്കടകള്‍, മത്സ്യമാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സ്ക്വാഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. എല്ലാ വാര്‍ഡുകളിലും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും.
മലിനമായ വെള്ളത്തിലൂടെ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതാണ് ഷിഗെല്ലയ്ക്ക് കാരണം. കടുത്ത പനി തുടങ്ങുന്നതോടെ രോഗം വഷളാകുന്നു. വയറിളക്കത്തിന് പുറമെ വയറുവേദന, ഛര്‍ദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം തടയുന്നതിനുള്ള പ്രധാന മുന്‍കരുതല്‍ ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക എന്നതാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കൈകള്‍ എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം എല്ലായ്പ്പോഴും അടച്ച് വെക്കുന്നുവെന്ന് ഉറപ്പാക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.