സന്തോഷ് ട്രോഫി ഫുട്‌ബോൾ യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് കോഴിക്കോട് വേദിയാകും. കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് എച്ച് പോരാട്ടങ്ങൾക്കാണ് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയം ആതിഥ്യമരുളുക. മുൻ ചാമ്പ്യൻമാരായ റെയിൽവേസ്, പുതുച്ചേരി, ലക്ഷദ്വീപ് ടീമുകളാണ് കേരളത്തിനൊപ്പം ഫൈനൽ റൗണ്ടിനായി മത്സരിക്കുക. നവംബർ 20നുശേഷം കളി നടത്താനാണ് കേരള ഫുട്‌ബോൾ അസോസിയേഷന്റെ (കെഎഫ്‌എ) നീക്കം. കേരള ടീമിന്റെ പരിശീലന ക്യാമ്പ് അടുത്തയാഴ്‌ച കോഴിക്കോട്ട് ആരംഭിക്കും. സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽനിന്ന് തെരഞ്ഞെടുത്തവരും കേരള പൊലീസിൽനിന്നുമുള്ള താരങ്ങളുമാകും ആദ്യഘട്ട ക്യാമ്പിൽ. പിന്നീട് ഇത് വിപുലീകരിക്കും. അവസാനമായി 2023ലാണ് കോഴിക്കോട് സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയായത്.
സംസ്ഥാനത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സൂപ്പർ ലീഗ് കേരള (എസ്‌എൽകെ) നവംബർ പത്തിനാണ് അവസാനിക്കുന്നത്. ഇതുകൂടി പരിഗണിച്ചാണ് യോഗ്യതാ റൗണ്ട് നടത്തുക. സൂപ്പർ ലീഗിലെ താരങ്ങൾക്ക് ഊന്നൽ കൊടുത്താകും കേരള ടീം. ടീമിന്റെ പരിശീലകൻ ബിബി തോമസ് കലിക്കറ്റ് എഫ്‌സിയുടെ അസിസ്റ്റന്റ് കോച്ചുമാണ്. അതിനാൽ, ലീഗ് കഴിയാതെ കേരളത്തിന്റെ തയ്യാറെടുപ്പ് നടക്കില്ല. പരമാവധി ഒരാഴ്‌ചയെങ്കിലും അന്തിമഘട്ട പരിശീലന ക്യാമ്പ് നടത്താനാണ് ആലോചന. ആദ്യഘട്ട ക്യാമ്പ് അടുത്തയാഴ്‌ച ആരംഭിക്കും. ബിബിയുടെ അഭാവത്തിൽ സഹപരിശീലകൻ ഹാരിസ് ബെന്നി നേതൃത്വം നൽകും. എസ്‌എൽകെ കഴിഞ്ഞാലുടൻ പ്രധാന താരങ്ങൾ ക്യാമ്പിൽ ചേരും.
ഡിസംബറിൽ ഹൈദരാബാദിലാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട്. ആകെ 12 ടീമുകളാണ്. യോഗ്യതാ റൗണ്ടിൽ ചാമ്പ്യൻമാരായാൽ കേരളത്തിന് മുന്നേറാം. കഴിഞ്ഞ രണ്ടുതവണയും സെമി കാണാതെ പുറത്തായിരുന്നു ഏഴുവട്ടം ജേതാക്കളായ ടീം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.