മാവൂർ: ഏറെ കാലത്തെ കാത്തിരിപ്പിന്റെ ഫലമായി മലപ്പുറം ഡിപ്പോയിൽ നിന്നും എളമരം പാലം വഴി കോഴിക്കോക്കോട്ടേക്കും തിരിച്ച് മാവൂർ എടവണ്ണപ്പാറ കൊണ്ടോട്ടി മലപ്പുറം വഴി പാലക്കാട്ടേക്കും കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു.
ചാലിയാറിന് കുറുകെ എളമരം കടവിലെ പുതിയ പാലം ഗതാഗതത്തിനു തുറന്നു കൊടുത്തിട്ട് ഒരു വർഷത്തിലേറെയായെങ്കിലും ഈ പാലത്തിലൂടെ ഇതുവരെ ഒരു ദീർഘദൂര ബസ് പോലും സർവീസ് നടത്തിയിരുന്നില്ല. നാട്ടുകാർ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പല തടസ്സവാദങ്ങൾ ഉന്നയിച്ച് അധികൃതരുടെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു.
എളമരം ജനകീയ ആക്ഷൻ കമ്മിറ്റി നിരവധി പ്രതിഷേധങ്ങളും സമരങ്ങളും സംഘടിപ്പിച്ചെങ്കിലും ഇതുവരെ ഒരു ബസ് പോലും മലപ്പുറം കോഴിക്കോട് ആർടിഒ മാർ അനുവദിച്ചിരുന്നില്ല. അതിനിടയിലാണ് ഇപ്പോൾ ഏറെക്കാലത്തെ കാത്തിരിപ്പിന് ഫലമായി മലപ്പുറം ഡിപ്പോയിൽ നിന്നും എളമരം പാലം വഴി കോഴിക്കോട്ടേക്കും തിരിച്ചു മാവൂർ പാറ കൊണ്ടോട്ടി മലപ്പുറം വഴി പാലക്കാട്ടേക്കും ഒരു ബസ് സർവീസ് ആരംഭിച്ചത്.
ആദ്യ സർവീസിന് മാവൂരിൽ വലിയ സ്വീകരണമാണ് നാട്ടുകാർ നൽകിയത്. ജീവനക്കാരെ മാലയിട്ടും പൊന്നാട ചാർത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും നാട്ടുകാർ ബസ് സർവീസ് ആഘോഷമാക്കി. ഇനിയും കൂടുതൽ ബസ് സർവീസുകൾ ലഭിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.