കോഴിക്കോട്: തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫും മുക്കം സ്വദേശിനി കെ അനുഷയും മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ പ്രണയിച്ച് വിവാഹിതരായി. എസ്എഫ്ഐ കാലത്തെ അനുഭവവും പ്രണയവും ഒടുവിൽ വിവാഹത്തിലേക്കെത്തുമ്പോൾ തിരുവമ്പാടിയിലെ ‘പ്രളയ’ നായകൻ വീണ്ടും സമൂഹത്തിന് മാതൃകയാവുകയാണ്.
ഊന്നുവടിയിൽ കതിർ മണ്ഡപത്തിൽ എത്തിയ ലിന്റോ അനുഷയെ മുന്നോട്ടുള്ള വഴികളില്‍ കൂടെ കൂട്ടിയപ്പോള്‍ പാർട്ടി പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ കല്യാണം ആഘോഷിച്ചു. ആചാര അനുഷ്ഠാനങ്ങൾ ഇല്ലാതെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്. കൊവിഡ് നിയന്ത്രണമുള്ളതിനാൽ കുറച്ച് ആളുകളെ ക്ഷണിച്ചായിരുന്നു വിവാഹം.
വെള്ളപ്പൊക്കത്തിനിടെ കൂമ്പാറ മാങ്കുന്ന് കോളനിയിൽ കാൻസർ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുണ്ടായ വാഹന അപകടമായിരുന്നു ലിന്റോ ജോസഫിനെ ഊന്നുവടിയിലാക്കിയത്. ഡ്രൈവറെ കാണാതെ വന്നപ്പോൾ ആംബുലൻസ് ഓടിച്ച് ആശുപത്രിയിലേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ ലിന്റോയുടെ കാലിന് സ്വാധീനമില്ലാതാക്കുകയായിരുന്നു. സ്വാധീനശക്തി നഷ്ടപ്പെട്ടാലും സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി മുന്നേറിയാണ് ലിന്റോ ജോസഫിനെ തിരുവമ്പാടിയിൽ മത്സരിപ്പിക്കാൻ ഇടതുമുന്നണിക്ക് പ്രചോദനമായത്. അത് പാർട്ടിക്ക് വലിയ നേട്ടമായി.
തിരുവമ്പാടി എംഎൽഎയും ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷററുമായ ലിന്റോ കൂടരഞ്ഞിയിലെ പാലക്കൽ ജോസഫിന്റെയും അന്നമ്മയുടെയും മകനാണ്. മുക്കം കച്ചേരി കുടുക്കേങ്ങല്‍ രാജന്റെയും ലതയുടെയും മകളാണ് വധു അനുഷ. മുക്കം കാർത്തിക കല്യാണമണ്ഡപത്തിൽ നടന്ന സൗഹൃദ സത്കാര സ്വീകരണത്തിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ്, ജില്ലാ കമ്മിറ്റി ഭാരവാഹിയായ രമേശ് ബാബു, ഏരിയ സെക്രട്ടറി ടി വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.