ന്യൂഡൽഹി: ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയ്ക്ക് കനത്ത തിരിച്ചടി. അടുത്തിടെയുണ്ടായ തീപിടിത്തങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ വാഹനങ്ങൾ പുറത്തിറക്കരുതെന്ന് ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളോട് സർക്കാർ ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സർക്കാർ നിർദേശം നൽകിയത്.
ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് തീപിടിച്ച സംഭവങ്ങൾ ചർച്ച ചെയ്യാൻ റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയം തിങ്കളാഴ്ച വിളിച്ചുചേർത്ത യോഗത്തിലാണ് നിർമാതാക്കളെ ഇക്കാര്യം അറിയിച്ചത്. തീപിടിത്തത്തിന്റെ കാരണവും അത് തടയാൻ ആവശ്യമായ നടപടികളും വ്യക്തമാക്കുന്നത് വരെ പുതിയ വാഹനങ്ങൾ പുറത്തിറക്കുന്നതില്‍ നിന്ന് ഇവി നിര്‍മ്മാതാക്കളെ പിന്തിരിപ്പിച്ചിരിക്കുന്നതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എല്ലാ ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളും ഏതെങ്കിലും ബാച്ചിലെ ഒരു വാഹനമെങ്കിലും തീപിടുത്തത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മുഴുവൻ വാഹനവും സ്വമേധയാ തിരിച്ചുവിളിക്കേണ്ടതുണ്ട്. മിക്കവയും ഇതിനോടകം തന്നെ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
റോഡപകടങ്ങളിൽ ചിലരുടെ ജീവന്‍ പൊലിഞ്ഞതിനെത്തുടര്‍ന്ന് തകരാര്‍ സംഭവിച്ച ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങള്‍ സ്വമേധയാ തിരിച്ചുവിളിക്കാൻ കഴിഞ്ഞയാഴ്ച ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇലക്ട്രിക് വാഹന നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഒല, ഒകിനാവ, പ്യുവർ ഇവി എന്നിവ വിറ്റഴിച്ച 7,000 ഇ-ഇരുചക്ര വാഹനങ്ങൾ തിരിച്ചുവിളിച്ചതായി റിപ്പോർട്ടുണ്ട്.
തിങ്കളാഴ്ച ഇവി നിര്‍മ്മാതാക്കളും റോഡ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിലാണ് തിരിച്ചുവിളിക്കാനുള്ള നിർദ്ദേശങ്ങൾ ആവർത്തിച്ചത്. പിഴവ് വരുത്തുന്ന നിർമ്മാതാക്കളിൽ നിന്ന് പിഴ ഈടാക്കാനും വാഹനങ്ങൾ നിർബന്ധമായും തിരിച്ചുവിളിക്കാനും കേന്ദ്രത്തിന് അനുമതി നൽകുന്ന മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകളും നിർമ്മാതാക്കളെ ഓർമിപ്പിച്ചു. സുരക്ഷാ നിരക്കുകളെക്കുറിച്ചും തീപിടിത്തം എങ്ങനെ തടയാമെന്നതിനെക്കുറിച്ചും ഉപഭോക്താക്കളെ ബോധവത്കരിക്കാൻ റോഡ് മന്ത്രാലയം ഇവി നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.