മുക്കം: മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകളുടെ ഭാഗമായി മുക്കം മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന വി. കുഞ്ഞാലിഹാജി സ്മാരക ട്രോഫി കബഡി ചാമ്പ്യൻഷിപ്പിനുള്ള ടീമുകളുടെ രജിസ്ട്രേഷൻ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.
ജൂലൈ പതിനാലാം തിയ്യതി ഞായറാഴ്ച മുക്കം ടൗണിൽ സ്റ്റാർ ഹോട്ടലിന് സമീപത്തുള്ള ഗ്രൗണ്ടിൽ വച്ചാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പത് മണിക്ക് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് പരിപാടി ഉത്ഘാടനം ചെയ്യുന്നതാണ്. ചാമ്പ്യൻഷിപ്പിന് മുന്നോടിയായി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ മത്സരത്തിൽ പങ്ക് ചേരുന്ന ടീമുകളെയും വിവിധ രാഷ്ട്രീയ/ സാംസ്കാരിക സംഘടനകളെയും കുടുംബശ്രീ അംഗങ്ങളെയും ഉൾപ്പെടുത്തി ആഘോഷമായ ഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്.
പുരുഷ വിഭാഗത്തിൽ എട്ടും വനിതാ വിഭാഗത്തിൽ പതിനൊന്നും ടീമുകളാണ് മത്സരത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാന, ദേശീയ താരങ്ങളും യൂണിവേഴ്സിറ്റി താരങ്ങളും ഉൾപ്പെടുന്ന പാലക്കാട്, തൃശ്ശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പ്രൊഫഷണൽ കബഡി ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുക. മുക്കം നഗരസഭ ഈ വർഷം ‘നീലേശ്വരം ഗവ. ഹൈസ്ക്കുളിന് നൽകിയ കമ്പഡി മാറ്റിൽ നടക്കുന്ന ആദ്യ മൽസരം കൂടിയാണ് വി. കുഞ്ഞാലിഹാജി സ്മാരക ട്രോഫി കബഡി ചാമ്പ്യൻഷിപ്പ്.
ഇതേ സമയം, ജൂലൈ ഇരുപത്തിയൊന്നാം തിയ്യതി ഞായറാഴ്ച തിരുവമ്പാടിയിൽ നടക്കുന്ന നീന്തൽ ചാമ്പ്യൻഷിപ്പിനുള്ള രജിസ്ട്രേഷൻ തുടരുന്നതായി തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ അറിയിച്ചു. പതിനഞ്ചാം തിയ്യതി വരെയാണ് രജിസ്ട്രേഷൻ നടത്താവുന്നത്.
21/07/2024 ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ(15 വയസ്സ് വരെ), ജൂനിയർ (20 വയസ്സ് വരെ) സീനിയർ (ഇരുപത് വയസ്സിന് മുകളിൽ) ഇങ്ങനെ മൂന്ന് പ്രായ വിഭാഗങ്ങളിലായി പുരുഷ, വനിതാ വിഭാഗങ്ങളിൽ മത്സരമുണ്ടാവും. ഫ്രീ സ്റ്റൈൽ, ബട്ടർഫ്ലൈ, ബ്രസ്റ്റ് സ്ട്രോക്ക്, ബാക്ക് സ്ട്രോക്ക് എന്നിങ്ങനെ നാല് മത്സര ഇനങ്ങളുമുണ്ട്. പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർക്ക് ഗ്രാമ പഞ്ചായത്തിലോ മെമ്പർ ഷൗക്കത്തലിയുടെ കൈവശമോ (ഫോൺ: 9946090552) സ്പോർട്സ് കൗൺസിൽ മെമ്പർ അബ്ദുറഹ്മാൻ വശമോ (ഫോൺ: 9447197014) പേര് നൽകാവുന്നതാണ്. ജൂലൈ പതിനഞ്ചാം തിയ്യതിയാണ് രജിസ്ട്രേഷൻ നടത്താനുള്ള അവസാന തിയ്യതി. ഗ്രാമ പഞ്ചായത്തിന് വേണ്ടി തിരുവമ്പാടി കോസ്മോസ് ക്ലബ്ബാണ് മത്സര നടത്തിപ്പ് ഉത്തരവാദിത്വം വഹിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.