കോഴിക്കോട് : കാടും പാറക്കെട്ടുകളും കാട്ടാറും വെള്ളച്ചാട്ടങ്ങളും… തണുപ്പ് തേടി സഞ്ചാരികൾ കോടഞ്ചേരിയിലേക്ക് ഒഴുകുന്നു. ഓളപ്പരപ്പില്‍ തുഴയെറിഞ്ഞുള്ള സാഹസിക ടൂറിസത്തിന്റെ മനോഹാരിത കാണാൻ.
സഞ്ചാരികളുടെ ഇഷ്ട ഉല്ലാസ കേന്ദ്രമായ തുഷാരഗിരിയിലെ പുഴകളില്‍ കാലവര്‍ഷാരംഭത്തോടെ രൗദ്രഭാവം പുറത്തെടുക്കുന്ന ഓളങ്ങളെ മെരുക്കി വിസ്മയം തീര്‍ക്കാൻ കയാക്കിങ് സംഘങ്ങള്‍ എത്തിത്തുടങ്ങി. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഓഗസ്റ്റ് നാല്, അഞ്ച്, ആറ് തിയ്യതികളില്‍ നടത്തുന്ന ഒമ്ബതാമത് അന്തര്‍ദേശീയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തിനാണ് താരങ്ങള്‍ എത്തിയത്. തുഷാരഗിരി അഡ്വഞ്ചര്‍ കയാക്കിങ് അക്കാദമിയുടെ നേതൃത്വത്തില്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമാണ് പരിശീലന സംഘങ്ങള്‍ പരിശീലനം ആരംഭിച്ചത്.
സംസ്ഥാന ടൂറിസം വകുപ്പും സംസ്ഥാന അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇന്ത്യൻ കനോയിങ് ആൻഡ് കയാക്കിങ് അസോസിയേഷനും ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിലും ജില്ലാ പഞ്ചായത്തും തിരുവമ്ബാടി, കോടഞ്ചേരി പഞ്ചായത്തുകളും സംയുക്തമായാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യാന്തര കയാക്കിങ് മേള സംഘടിപ്പിക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ മത്സരത്തില്‍ ‘റാപ്പിഡ് രാജ’ പട്ടം നേടിയ അമിത് താപ്പ, അങ്കിത് സിങ് (ഇരുവരും ഉത്തരാഖണ്ഡ്), ബാവ് പ്രീത് സിങ്(ഡല്‍ഹി), കേരള താരങ്ങളായ നിസ്തുല്‍ ജോസ്, തോബിത്ത് രാഹുല്‍, ഡി.ആനന്ദ്, ബി.കെ.അഭിലാഷ്, കര്‍ണാടക സ്വദേശിനി ആൻ. മത്തിയാസ് എന്നിവരടങ്ങിയ സംഘം പരിശീലനം തുടങ്ങിക്കഴിഞ്ഞു. 2022-ല്‍ അറുപതിലേറെ താരങ്ങള്‍ മാറ്റുരച്ച മത്സരത്തില്‍ ഇക്കുറി കൂടുതല്‍ വിദേശതാരങ്ങള്‍ എത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചത്.
മലബാറിന്റെ മാമാങ്കമായി മാറുന്ന കയാക്കിങ് മത്സരത്തിന്റെ പ്രചാരണാര്‍ഥം വിവിധ മത്സരങ്ങള്‍ നടക്കും. കോഴിക്കോട് ,വയനാട്, മലപ്പുറം ജില്ലകളില്‍ നിന്ന് ചാലിപ്പുഴയിലെ പുലിക്കയം മത്സരവേദിയിലേക്ക് സൈക്കിള്‍റാലിയും, തുഷാരഗിരിയില്‍ മഴനടത്തം, ഓമശ്ശേരിയില്‍ ‘മഡ് ഫുട്ബോള്‍’, കക്കാടംപൊയിലില്‍ പട്ടംപറത്തല്‍, കോടഞ്ചേരിയിലെ സ്വകാര്യ എസ്റ്റേറ്റില്‍ ഓഫ് റോഡ് റെയ്സ് എന്നീ പ്രീ ഇവന്റുകളാണ് നടക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.