കോഴിക്കോട്: മലപ്പുറത്ത് വിദ്യാർത്ഥിയെ നടുറോഡില്‍ മർദിച്ച സംഭവത്തിൽ കോഴിക്കോട് മാവൂരിലെ പോലീസുകാരനെ സസ്പെൻഡ് ചെയ്തു.
സ്റ്റേഷനിലെ പൊലീസ് ഡ്രൈവറായ അബ്ദുള്‍ അസീസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അബ്ദുൾ അസീസിനെ സസ്പെൻഡ് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട എടവണ്ണ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുള്‍ ഖാദറിനെ സ്ഥലം മാറ്റിയിരുന്നു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഒക്ടോബർ 13 നായിരുന്നു നടപടിക്കാസ്പദമായ സംഭവം. കുഴിമണ്ണ ജിഎച്ച്എസ്എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് അൻഷിദിനാണ് മർദനമേറ്റത്. കിഴിശേരിയില്‍ രണ്ടുപൊലീസുകാര്‍ മഫ്തിയില്‍ എത്തിയായിരുന്നു മര്‍ദ്ദനം. കിഴിശേരിയില്‍ ബസ് കാത്തുനില്‍ക്കവേ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ മര്‍ദിക്കുകയായിരുന്നു.
കുഴിമണ്ണ ഹയര്‍സെക്കന്ററി സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷം ഉണ്ടായ ദിവസമായിരുന്നു വിദ്യാര്‍ത്ഥിയ്ക്ക് നേരെ അതിക്രമമുണ്ടായത്. മുഹമ്മദ് അന്‍ഷിദിന് സംഘര്‍ഷവുമായി ഒരു ബന്ധവും ഇല്ലായിരുന്നു. നാഭിക്കുള്‍പ്പെടെ വിദ്യാര്‍ത്ഥിയ്ക്ക് ചവിട്ടേറ്റു. അസ്വാസ്ഥ്യത്തെ തുടര്‍ന്ന് അന്‍ഷിദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.