കോഴിക്കോട്: ആധുനിക കാലത്തെ ആവശ്യങ്ങളും അവസരങ്ങളും തിരിച്ചറിഞ്ഞ് വിദ്യാഭ്യാസ പദ്ധതികൾ ആരംഭിക്കുന്നതിൽ മർകസ് സ്ഥാപനങ്ങൾ ശ്രദ്ധേയമായ ചുവടുവെപ്പ് നടത്തുന്നുണ്ടെന്നും ഇത് മാതൃകാപരമാണെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
കോഴിക്കോട് സ്വപ്നനഗരിയിൽ ഇന്നലെ (തിങ്കൾ) ആരംഭിച്ച മർകസ് മെഗാ എഡ്യു ഫെയർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്രദർശനവും വിദ്യാഭ്യാസ സമ്മേളനവും ഇന്ന് (ചൊവ്വ) വൈകിട്ട് സമാപിക്കുന്ന എഡ്യു ഫെയറിൽ നടക്കുകയാണ്.
ഇന്ത്യക്കകത്തും പുറത്തുമുള്ള വിദ്യാഭ്യാസ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും കൗൺസിലിംഗ് സെന്ററുകൾ, പ്രദർശന സ്റ്റാളുകൾ, സെമിനാറുകൾ, കരിയർ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ നയിക്കുന്ന ശിൽപശാലകൾ, ആദരിക്കൽ ചടങ്ങുകൾ എന്നിവ പരിപാടിയുടെ ഭാഗമാണ്. വിദ്യാർത്ഥികളുടെ കരിയർ അഭിരുചി കണ്ടെത്തുന്നതിനായി ഒന്നിലധികം ഇന്റലിജൻസ് ടെസ്റ്റുകൾ നടത്തുന്ന ഒരു സൗജന്യ കരിയർ ക്ലിനിക്കും വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
എക്സ്പോയുടെ ഭാഗമായി മർകസ് അലുംനി സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ഈ വർഷം 10-ാം ക്ലാസിലും പ്ലസ് ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി മെറിറ്റ് ഇവന്റ് നടന്നു. വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ സുഗമമാക്കുന്നതിനുമായി ആവിഷ്കരിച്ച ‘സക്സസ് പാത്ത്’ മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തു.
വിവിധ സെഷനുകള്‍ക്ക് ഡോ. അമീര്‍ ഹസൻ, ഡോ. നാസര്‍ കുന്നുമ്മല്‍, ആകാശ് ചൗസ്കി, കെ എച്ച് ജറീഷ്, കെ എം അബ്ദുല്‍ ഖാദര്‍, ഇഹ്സാനുല്‍ ഇതിസാം നേതൃത്വം നല്കി. വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. നാസര്‍ കുന്നുമ്മല്‍, ഡോ. ശമീം പാടൂര്‍ എന്നിവര്‍ക്ക് മര്‍കസ് റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉപഹാരാം നല്കി.
ഉദ്ഘാടന ചടങ്ങില്‍ മര്‍കസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിൻസിപ്പല്‍ മുഹമ്മദ് ദില്‍ശാദ് സ്വാഗതം പറഞ്ഞു. മര്‍കസ് ഗ്രൂപ്പ് ഓഫ് സ്കൂള്‍ സി എ അബ്ദുല്‍ റഷീദ് സഖാഫി അധ്യക്ഷത വഹിച്ചു. പി യൂസുഫ് ഹൈദര്‍ അതിഥികള്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. കെ കെ ശമീം, ഹനീഫ് അസ്ഹരി, കോര്പറേഷൻ കൗണ്‍സിലര്‍ പ്രവീണ്‍, പിടിഎ പ്രസിഡണ്ട് അബ്ദുല്‍ നിസാര്‍, സി കെ മുഹമ്മദ് ഇരിങ്ങണ്ണൂര്‍, അശ്റഫ് അരയങ്കോട് സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.