കണ്ണൂരിൽ അമ്മയും 3 കുട്ടികളുമടക്കം ഒരു കുടുംബത്തിലെ നാലു പേരും ഒപ്പം താമസിക്കുന്ന സുഹൃത്തും മരിച്ച സംഭവത്തിൽ മകൻ സൂരജിനെ കെട്ടിത്തൂക്കിയത് ജീവനോടെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മറ്റു രണ്ടു കുട്ടികളായ സുജിൻ, സുരഭി എന്നിവരെ കെട്ടിത്തൂക്കുമ്പോൾ ജീവനുണ്ടായിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 3 കുട്ടികൾക്കും ഉയർന്ന അളവിൽ ഉറക്കഗുളിക നൽകിയതായാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
ശ്രീജയെയും ഷാജിയെയും വീട്ടിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു ശ്രീജയുടെ ഭർത്താവ് സുനിൽ ചെറുപുഴ പൊലീസിനു നൽകിയ പരാതിയിൽ, ഇന്നലെ രാവിലെ മധ്യസ്ഥ ചർച്ച നടക്കാനിരിക്കെയാണു സംഭവം.കുട്ടികളെ കൊന്നതായും ഷാജിയും താനും ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ചെറുപുഴ പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാവിലെ 6 മണിയോടെ ശ്രീജയും ഷാജിയും ഫോൺ ചെയ്തു പറഞ്ഞിരുന്നു. അര മണിക്കൂറിനകം പൊലീസെത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. അതെ സമയം ഷാജി വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ്. ഗീതയാണു ഭാര്യ. ഹോം നേഴ്സായും നിർമാണ തൊഴിലാളിയായും ജോലി ചെയ്യുന്ന ശ്രീജയും നിർമാണത്തൊഴിലാളിയായ ഷാജിയും തമ്മിൽ പരിചയപ്പെട്ടിട്ട് 8 മാസമേ ആയിട്ടുള്ളൂവെന്നു പൊലീസ് പറഞ്ഞു.
12 വർഷം മുൻപായിരുന്നു സുനിലിന്റെയും ശ്രീജയുടെയും പ്രേമവിവാഹം.‘ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഷാജിയുമായുള്ള ബന്ധത്തിനു ശേഷമാണു പ്രശ്നങ്ങളുടെ തുടക്കം. മറ്റൊന്നും ഞങ്ങൾക്കിടയിലില്ല. മക്കളെയും കൂട്ടി, തിങ്കളാഴ്ച ഓട്ടോറിക്ഷയിൽ ശ്രീജ ചെങ്കൽപ്പണയിൽ വന്നിരുന്നു. അന്നാണ് അവരെ അവസാനമായി കണ്ടത്. താനും മക്കളും മരിക്കുമെന്ന് അവൾ അന്നു പറഞ്ഞിരുന്നു.3 മക്കളെയും ഞാൻ നോക്കാമെന്നും നിങ്ങൾ രണ്ടാളും എവിടെ വേണമെങ്കിലും പോയി ജീവിച്ചോളൂ എന്നും ഞാൻ ശ്രീജയോടു പറഞ്ഞു. ഒന്നു ശ്രദ്ധിക്കണമെന്നു സുഹൃത്തുക്കളോടും പൊലീസിനോടും പറയുകയും ചെയ്തിരുന്നെന്ന് സുനിൽ പറയുന്നു. മക്കളുടെ മൃതദേഹം കാണാൻ പോയിട്ടില്ല. കുട്ടികളുടെ ചെലവെല്ലാം ഞാൻ തന്നെയാണു വഹിച്ചിരുന്നത്. മക്കളെ എന്തിനാണു കൊന്നത്?’ സുനിൽ ചോദിക്കുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








