ഓമശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 63 ഗ്രാം എംഡിഎംഎയുമായി കൊടുവള്ളി സ്വദേശി പിടിയിൽ. റൂറല്‍ ജില്ലാ പൊലീസ് മേധാവി പി നിധിന്‍ രാജ് ഐപിഎസിന് കീഴിലുള്ള പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. കൊടുവള്ളി പോര്‍ങ്ങോട്ടൂര്‍ പാലക്കുന്നുമ്മല്‍ മുഹമ്മദ് ജയ്‌സല്‍ എന്ന മുട്ടായി ജയ്‌സല്‍ ആണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് ഓമശ്ശേരിയിലെ ടൂറിസ്റ്റ് ഹോമില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ പ്രധാനപ്പെട്ട മയക്കുമരുന്ന് വില്‍പ്പനക്കാരനാണ് പിടിയിലായ ജെയ്‌സലെന്ന് പൊലീസ് പറഞ്ഞു. ലഹരി മരുന്നിന് അടിമയായ ഇയാള്‍ മൂന്നുവര്‍ഷത്തോളമായി ബാംഗ്ലൂരില്‍ നിന്നും എംഡിഎംഎ എത്തിച്ച് മൊത്ത വിതരണക്കാര്‍ക്ക് കൈമാറുകയാണ് പതിവ്.
കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചിട്ടുള്ള ലഹരി മാഫിയ സംഘത്തിലെ പ്രധാനിയായ ഇയാള്‍ ആദ്യമായാണ് പൊലീസിന്റെ പിടിയിലാവുന്നത്. ആഡംബര വാഹനങ്ങള്‍ മാറി മാറി വാടകക്ക് എടുത്ത് ഹോട്ടലുകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നത്. ഇയാളുമായി ബന്ധപ്പെട്ട മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതാണെന്ന് പൊലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.