കോഴിക്കോട്: മെഡിക്കൽ കോളേജിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മഴയും വെയിലുമേറ്റുള്ള സഞ്ചാരം അവസാനിക്കുന്നു. മെഡിക്കൽ കോളേജ് ആശുപത്രി, സൂപ്പർ സ്പെഷ്യാലിറ്റി, പിഎംഎസ്എസ് വൈ ബ്ലോക്ക് എന്നിവയെ ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ജനുവരി ആദ്യവാരം തുറക്കാനുള്ള പണികൾ പുരോഗമിക്കുകയാണ്.
ആകാശപാത പൂർത്തിയാകുന്നതോടെ എംസിഎച്ചിൽ നിന്ന് റോഡുമാർഗം വെയിലത്തും മഴയത്തും രോഗികളെ സ്ട്രക്ച്ചറില്‍ കൊണ്ടുവരുന്ന അവസ്ഥ ഇല്ലാതാവും. നിലവിൽ ആശുപത്രിയിലെത്തുന്ന രോഗികളെ സൂപ്പർ സ്പെഷ്യാലിറ്റിയിലേക്കും കോവിഡ് ആശുപത്രിയിലേക്കും റോഡ് മാർഗമാണ് എത്തിക്കുന്നത്. വെയിലും മഴയും വകവയ്ക്കാതെ സ്ട്രക്ച്ചറിൽ റോഡിലൂടെ ഉന്തിക്കൊണ്ടുവരുന്ന കാഴ്ച ദയനീയമാണ്.
172 മീറ്റർ നീളവും 13 അടി വീതിയുമുള്ള ആകാശപാതക്ക് 20 തൂണുകളാണ് താങ്ങിനിർത്തുന്നത്. ആശുപത്രിയുടെ ഒന്നാം നിലയുടെ വടക്കുഭാഗത്ത് നിന്ന് ആരംഭിച്ച് സൂപ്പർ സ്പെഷ്യാലിറ്റിയുടെ തെക്ക് ഭാഗത്താണ് പാത അവസാനിക്കുന്നത്. വീല്‍ ചെയറുകള്‍ക്ക് കടന്നു പോകാന്‍ പ്രത്യേക സൗകര്യവുമുണ്ട്. സ്റ്റീൽ ഫ്രെയിമിൽ നിർമ്മിച്ച പാതയുടെ നിലം കോൺക്രീറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മേൽക്കൂര നിർമാണം പൂർത്തിയായി. കോൺക്രീറ്റിന് മുകളിൽ ടൈലുകൾ പാകുന്ന ജോലി അവസാന ഘട്ടത്തിലാണ്. ആകാശപാതയേയും പി.എം.എസ്.എസ്.വെെ ബ്ലോക്കും ബന്ധിപ്പിക്കുന്ന പ്രവൃത്തി മാത്രമാണ് ഇനി അവശേഷിക്കുന്നത്. കേരളത്തില്‍ രണ്ടാമത്തെ ആകാശപാതയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയാവുന്നത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രമാണ് ആകാശപാത ഉള്ളത്.
2.25 കോടി ചെലവിൽ പൊതുമരാമത്ത് വകുപ്പാണ് പാത നിർമിക്കുന്നത്. ബി.പി.സി.എല്ലിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും ഗവ.മെഡിക്കല്‍ കോളേജ് സംരക്ഷണ സമിതി ഒരു കോടിയിലധികം രൂപയും നല്‍കി. മുൻ മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ഫണ്ട് സമാഹരണം. എൻഐടിയിലെ വിദഗ്ധരാണ് രൂപരേഖ തയ്യാറാക്കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.