കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിൻ്റെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ ആളുകളിൽ നിന്ന് പണം തട്ടുന്നു.
മോട്ടോർ വാഹന വകുപ്പിൻ്റെ പേരിലുള്ള സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥക്ക് അരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. ഇത്തരത്തിലുള്ള നിരവധി പരാതികളാണ് മോട്ടോർ വാഹന വകുപ്പിന് ലഭിക്കുന്നത്.
അമിത വേഗതയിൽ വാഹനമോടിച്ചതിന് പിഴയടക്കണമെന്ന് കാണിച്ചാണ് കോഴിക്കോട് ആർടിഒയുടെ പേരിൽ ബാങ്ക് ഉദ്യോഗസ്ഥന് സന്ദേശം വന്നു. ചെലാൻ നമ്പറും വാഹന നമ്പറും ഉൾപ്പെടെയുള്ള സന്ദേശമാണ് വാട്സാപ്പിൽ ലഭിച്ചത്. APK ഫയലിനൊപ്പം വന്ന സന്ദേശം തുറന്നു. നാല്‍പ്പത്തിയേഴായിരം രൂപയാണ് നഷ്ടമായത്. മറ്റ് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിലേക്ക് ഓടിപി വന്നെങ്കിലും പണമില്ലാത്തതിനാൽ ഭീമമായ തുക നഷ്ടപ്പെട്ടില്ല. അന്വേഷണം കാര്യക്ഷമമല്ലെന്നും നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
പണം തട്ടാൻ പുതിയ തന്ത്രങ്ങളുമായി സൈബർ തട്ടിപ്പ് സംഘങ്ങൾ രംഗത്തുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ വരുന്ന സന്ദേശങ്ങള്‍ തുറന്ന് എ പി കെ ലിങ്ക് ഓപ്പണാവുന്നതോടെ മൊബൈലിലെ വിവരങ്ങള്‍ മുഴുവന്‍ വിദൂരത്തുള്ള തട്ടിപ്പ് സംഘത്തിലേക്ക് എത്തും. വൈകാതെ ബാങ്ക് അക്കൗണ്ടിലെ പണം ഇവര്‍ ട്രാന്‍സഫർ ചെയ്യും. ഇത്തരത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്ന കേസുകൾ അനുദിനം വർധിച്ചുവരികയാണ്. തട്ടിപ്പുകാരുടെ കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. നിയമലംഘനങ്ങൾക്കായി മോട്ടോർ വാഹന വകുപ്പ് വാട്‌സ്ആപ്പ് വഴി സന്ദേശങ്ങൾ അയക്കാറില്ല. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വളരെ ചെറിയ സന്ദേശം മാത്രമേ അയക്കൂ.
പിഴ അടക്കണമെന്ന് കാണിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിൽ നിന്നാണ് സന്ദേശങ്ങൾ വരുക. ഇതിൽ ചെലാൻ നമ്പറും ഉൾപ്പെടും. സംശയമുണ്ടെങ്കിൽ, ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുകയോ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെടുകയോ ചെയ്യുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.