തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സാധാരണ താപനിലയിൽ നിന്ന് രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.
സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുണ്ടെന്നും സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ശനിയാഴ്ച സംസ്ഥാനത്ത് ചൂടിൽ നേരിയ കുറവ് രേഖപ്പെടുത്തി. 40 ഡിഗ്രി സെൽഷ്യസിനടുത്ത് രേഖപ്പെടുത്തിയ താപനില 38 ഡിഗ്രി സെൽഷ്യസിലെത്തി.
അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഞായറാഴ്ച വേനൽമഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടിമിന്നലിനുള്ള മുന്നറിയിപ്പുകൾ പൊതുജനങ്ങളും പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.