ദില്ലി: ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം . ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ദുരുദ്ദേശ്യപരമായ പ്രസ്താവനകൾ നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയും പാകിസ്ഥാനും വിഷയത്തിൽ പ്രതികരിച്ചിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് നിലവിൽ ഇതെന്നാണ് മന്ത്രാലയം ഓർമിപ്പിക്കുന്നത്.
കർണാടകത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണ നയവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തൽക്കാലം മതാചാരവസ്ത്രങ്ങൾ ധരിക്കാൻ അനുമതിയില്ല. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരാമെന്നാണ് കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവിനെതിരെ വിവിധ വിദ്യാർത്ഥിനികളും സംഘടനകളും നൽകിയ ഹർജികൾ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി ഫെബ്രുവരി 14-ലേക്ക് മാറ്റി വച്ചിരിക്കുകയാണ്. ഹിജാബ് മാത്രമല്ല, കാവി ഷാൾ പുതച്ച് വരികയും ചെയ്യരുത് എന്നാണ് ഹൈക്കോടതിയുടെ നിർദേശം. അന്തിമ ഉത്തരവ് വരുന്നത് വരെ മതത്തെ സൂചിപ്പിക്കുന്ന ഒരു തരം വസ്ത്രങ്ങളും വിദ്യാർത്ഥികൾ ധരിക്കരുതെന്നുമാണ് കോടതിയുടെ നിർദേശം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.