ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം ലോറിക്ക് പിന്നില്‍ കെട്ടിവലിച്ചു കൊന്നു. മധ്യപ്രദേശിലെ നീമച്ചിലാണ് ദാരുണ സംഭവം നടന്നത്. ആഗസ്റ്റ് 26നാണ് സംഭവം നടന്നത്. മോഷണം നടത്തിയെന്ന് ആരോപിച്ച് യുവാവിനെ കൈയും കാലും കെട്ടി ആള്‍ക്കൂട്ടം മര്‍ദിക്കുകയും ട്രക്കിന് പിന്നില്‍ കെട്ടിവലിക്കുകയുമായിരുന്നു. ട്രക്കില്‍ കെട്ടിവലിച്ചതിനെ തുടര്‍ന്നുണ്ടായ ഗുരുതര പരിക്കാണ് മരണ കാരണമെന്ന് പൊലീസ് പറയുന്നു.
പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ആദിവാസി യുവാവായ കനയ്യ ലാല്‍ ഭില്‍ തന്റെ സുഹൃത്തുമായി കലന്‍ ഗ്രാമത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. കനയ്യ ലാലിന്റെ ബൈക്ക് ഗുജ്ജാര്‍ വിഭാഗത്തിലെ ഒരാളെ ഇടിച്ചു. ഇതില്‍ പ്രകോപിതരായ ഗുജ്ജാര്‍ വിഭാഗക്കാര്‍ വടികളും മറ്റും ഉപയോഗിച്ച് ആദിവാസി യുവാക്കളെ ആക്രമിച്ചു. ഇതില്‍ തൃപ്തരാകാത്ത അക്രമിസംഘം ലോറിക്ക് പിന്നില്‍ കെട്ടിയിട്ട് ദീര്‍ഘദൂരം വലിച്ചിഴക്കുകയായിരുന്നു.
അതേസമയം, ഗ്രാമത്തില്‍ ഒരു മോഷ്ടാവിനെ പിടികൂടിയിട്ടുണ്ടെന്ന് പറഞ്ഞ് നാട്ടുകാര്‍ പോലിസ് സ്റ്റേഷനില്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് നീമച്ച് എഎസ്പി സുന്ദര്‍ സിങ് കനേഷ് പറഞ്ഞു. മോഷ്ടാവിന് പരിക്കേറ്റിട്ടുണ്ടെന്നും അടിയന്തര വൈദ്യസഹായം ആവശ്യമുണ്ടെന്നും ഇവര്‍ പോലിസിനെ അറിയിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി യുവാവിനെ നീമച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കനയ്യ ലാല്‍ മരിച്ചു. യുവാവ് മരിച്ചതിന് പിന്നാലെയാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
സംഭവത്തില്‍ എട്ടു പേരെ പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. ഇതില്‍ രണ്ടു പ്രതികളായ ചിത്രമാല് ഗുജ്ജാര്‍, മഹേന്ദ്ര ഗുജ്ജാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ലോറി ഒാടിച്ചിരുന്നവരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രി കമൽനാഥ് സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.